ദമ്മാം : ഏജന്റിനാൽ വഞ്ചിക്കപ്പെട്ട് സൗദി അറേബ്യയിൽ ദുരിതത്തിലായ കൊല്ലം സ്വദേശി സാമൂഹ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തി. ഒന്നര വർഷത്തോളമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന കൊല്ലം വെളിയനല്ലൂർ സ്വദേശി അജ്മൽ എന്ന 24 കാരന്റെ രക്ഷക്കെത്തിയത് പ്ലീസ് ഇന്ത്യ പ്രവർത്തകർ ആയിരുന്നു.
ഇഖാമയോ മെഡിക്കൽ ഇൻഷുറൻസോ ഇല്ലാതിരുന്നത് കൊണ്ട് ഹോസ്പിറ്റലിൽ പോകാനോ മറ്റ് ആവശ്യങ്ങൾക്ക് പുറത്തുപോകാനോ വാക്സിനേഷൻ എടുക്കുന്നതിനോ സൗദി ഗവൺമെന്റിന്റെ തവക്കൽന ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യുന്നതിനോ അജ്മലിന് സാധിച്ചിരുന്നില്ല. തൻ്റെ സഹോദരി (അനുജത്തി ) മരണപ്പെട്ട സമയത്ത് പോലും അജ്മലിന് നാട്ടിൽ പോകാൻ കഴിഞ്ഞില്ല.
അജ്മൽ 2020 ഫെബ്രുവരി 18 നാണ് ദമാമിൽ വെമ്പിനാൽ പ്ലാസ്റ്റിക് കമ്പനിയിൽ എത്തിയത്. കമ്പനിയിൽ നിന്നും സൗജന്യമായി കിട്ടുന്ന വിസയ്ക്ക് തിരുവനന്തപുരം സ്വദേശിയായ ഏജന്റ് 50000 രൂപയും ട്രാവൽ ഏജൻസി 45000 രൂപയും അജ്മലിന്റെ പക്കൽനിന്നും കൈപ്പറ്റിയത്രേ.
ഉപ്പയും ഉമ്മയും ഉമ്മുമ്മയും അടങ്ങിയ നിർധന കുടുംബത്തിലെ അംഗമായ അജ്മൽ കടം വാങ്ങിയ തുകയാണ് ഏജന്റിന് കൈ മാറിയത്. തനിക്ക് നഷ്ടമായ തുക തിരികെ ലഭിക്കുന്നതിനും നഷ്ടപരിഹാരത്തിനും അജ്മൽ നോർക്കയുമായി ബന്ധപ്പെട്ട് കൊല്ലം ഓയൂർ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
അജ്മലിന് കമ്പനി ഇഖാമ നൽകാതെ ബുദ്ധിമുട്ടിക്കുകയും നാട്ടിലുള്ള ഏജൻസി അജ്മലിന്റെ കാര്യത്തിൽ ഇടപെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അജ്മൽ പ്ലീസ് ഇന്ത്യയെ സമീപിച്ചത്. പാസ്പോർട്ടും, എക്സിറ്റ് പേപ്പറും നൽകുക ഇല്ല എന്ന കമ്പനിയുടെ പിടിവാശിക്ക് മുമ്പിൽ റിയാദ് ഇന്ത്യൻ എംബസിയിൽ നിന്ന് എമർജൻസി പാസ്പോർട്ടും, ജവാസാത്തിൽ നിന്ന് എക്സിറ്റ് പേപ്പറും പ്ലീസ് ഇന്ത്യ ചെയർമാൻ ശ്രീ. ലത്തീഫ് തെച്ചി സംഘടിപ്പിച്ച് നൽകി.
തുടർന്ന് പ്ലീസ് ഇന്ത്യ നോർക്കയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ട്രാവൽസിനെതിരെ നടപടി എടുക്കുകയുണ്ടായി.
സൗജന്യമായി കിട്ടുന്ന വിസയ്ക്ക് പ്രവാസികളിൽ നിന്നും ഭീമമായ തുക ഈടാക്കുന്ന ഏജന്റ് മാർക്കും ഏജൻസിക്കും എതിരെ പ്ലീസ് ഇന്ത്യ നോർക്കയ്ക്ക് നിവേദനം സമർപ്പിക്കും.
പ്രവാസികളുടെ വിഷയത്തിൽ നോർക്കയുടെ ഇടപെടലിൽ പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി നോർക്കയ്ക്ക് പ്രത്യേകം നന്ദി അറിയിച്ചു. ലത്തീഫ് തെച്ചിയോടൊപ്പം ഈസ്റ്റേൺ പ്രൊവിൻസ് കോർഡിനേറ്റർ രബീഷ് കോക്കല്ലൂർ,ഷാജി കൊമ്മേരി, അനസ്, അഡ്വക്കേറ്റ് ജോസ് എബ്രഹാം, അഡ്വക്കേറ്റ് റിജിജോയ്, അൻഷാദ് കരുനാഗപ്പള്ളി, നീതു ബെൻ, വിജയ ശ്രീരാജ്, മൂസാ മാസ്റ്റർ, സുധീഷ അഞ്ചുതെങ്ങ് എന്നിവർ വിവിധ ഘട്ടങ്ങളിൽ അജ്മലിന്റെ പ്രശ്നപരിഹാരത്തിനായി ഇടപ്പെട്ടു.