റിയാദ് : രാജ്യത്ത് പൊതുമാപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നൽകി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. സൗദി ജയിലില്‍ കഴിയുന്ന കരിമ്പട്ടികയില്‍ ഉള്‍പ്പെടാത്ത കുറ്റവാളികളെയും അനധികൃത താമസക്കാരെയും പൊതുമാപ്പ് നല്‍കി മോചിപ്പിക്കാനാണ് തീരുമാനം. നിയമ ലംഘകര്‍ക്കു പിഴയോ തടവോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണിത്. വിസാ കാലാവധി കഴിഞ്ഞവര്‍, ട്രാന്‍സിറ്റ് വീസയിലോ, ഹജ്-ഉംറ-സന്ദശക വീസയിലോ സൗദിയിലെത്തി തിരിച്ചു പോകാത്തവര്‍, നിയമക്കുരുക്കില്‍ കുടുങ്ങി ജയിലിലായവര്‍ തുടങ്ങി നിരവധി പേര്‍ക്ക് ഇതുവഴി ജയില്‍ മോചിതരാകാന്‍ സാധിക്കും.അതേസമയം ക്രിമിനല്‍ കുറ്റവാളികള്‍, സുരക്ഷാ വിഭാഗത്തിന്റെ കരിമ്പട്ടികയില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് പൊതുമാപ്പിന് യോഗ്യതയില്ല.
പൊതുമാപ്പ് മുഖേന മോചിതരാകുന്ന പ്രവാസികള്‍ക്ക് നിശ്ചിത കാലയളവിന് ശേഷം വീണ്ടും സൗദിയിലേക്ക് തിരിച്ചു വരാനുള്ള ആനുകൂല്യം നല്‍കാറുണ്ട്. എന്നാല്‍ പൊതുമാപ്പ് കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി താമസിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.