ജിദ്ദ : മധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി ഫലസ്തീൻ പ്രശ്‌നത്തിന് ന്യായവും സമഗ്രവുമായ പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങൾക്ക് വേഗം കൂട്ടണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്. ലോകം കാത്തിരുന്ന നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാജാവ്.
കൂട്ട നശീകരണ ആയുധങ്ങൾ വ്യാപിക്കുന്നത് തടയണമെന്നും രാജാവ് ആവശ്യപ്പെട്ടു. കൂട്ട നശീകരണ ആയുധങ്ങളിൽനിന്ന് മിഡിൽ ഈസ്റ്റിനെ മുക്തമാക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നുവെന്നും രാജാവ് വ്യക്തമാക്കി.
ഇറാന്റെ ആണവ ബാധ്യതകൾ അടിയന്തിരമായി നിറവേറ്റാനും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി പൂർണ്ണമായി സഹകരിക്കാനുമുള്ള നീക്കം നടത്തണം. രാഷ്ട്രങ്ങൾക്കിടയിലെ ഉയർന്ന സ്ഥാനവും മാനവികതയെ പിന്തുണയ്ക്കുന്ന നേതൃത്വവും കാരണം സൗദി അന്നും ഇന്നും സമാധാനത്തിന്റെ മധ്യസ്ഥനും ലോകമെമ്പാടുമുള്ള മാനവികതയുടെ വിളക്കുമാടവുമാണ്.
പ്രകൃതി ദുരന്തങ്ങളും മാനുഷിക പ്രതിസന്ധികളും നേരിടുന്ന രാജ്യങ്ങളെയും സഹായം ആവശ്യമുള്ള രാജ്യങ്ങളെയും സഹായിക്കാൻ സൗദി പ്രതിജ്ഞാബദ്ധമാണ്. ഭക്ഷ്യ-കാർഷിക സുരക്ഷയിൽ രാജ്യത്തിന്റെ മൊത്തം സഹായം ഏകദേശം 2.89 ബില്യൺ ഡോളറിലെത്തിയെന്നും രാജാവ് വ്യക്തമാക്കി.
ആഗോള എണ്ണ വിപണികളുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണയ്ക്കാൻ രാജ്യം അതിന്റെ ഊർജ്ജ തന്ത്രത്തിനുള്ളിൽ കഠിനാധ്വാനം ചെയ്യുന്നുവെന്നും രാജാവ് പറഞ്ഞു.