റിയാദ്: സൗദി ഓഹരി വിപണിയിൽ വൻ നേട്ടം. ഈ വർഷം 53,000 കോടി റിയാലിന്റെ അധിക ലാഭമെന്ന് റിപ്പോർട്ട്. കോവിഡ് പ്രത്യാഘാതങ്ങളിൽ നിന്ന് സൗദി സമ്പദ്‌വ്യവസ്ഥ പുറത്തു കടന്നതായും സൂചന. ഈ വർഷം ആദ്യ പാദത്തിൽ സൗദി ഓഹരി വിപണി 53,000 കോടി റിയാലിന്റെ നേട്ടം കൈവരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊറോണ പ്രത്യാഘാതങ്ങളിൽ നിന്ന് സൗദി സമ്പദ്‌വ്യവസ്ഥ പുറത്തു കടക്കുന്നതിന്റെ സൂചനകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ തന്നെ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വൻ നേട്ടമാണ് ഓഹരി വിപണി കൈവരിച്ചത്. ആദ്യ പാദത്തിൽ സൗദി ഓഹരി സൂചിക 14 ശതമാനം തോതിൽ ഉയർന്നു. മൂന്നു മാസത്തിനിടെ സൂചിക 1218.3 പോയിന്റ് ഉയർന്നു. മാർച്ച് അവസാനത്തിൽ സൂചിക 9907.82 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഡിസംബർ അവസാനത്തിൽ ഇത് 8689.53 പോയിന്റ് ആയിരുന്നു.
ആദ്യ പാദാവസാനത്തതോടെ സൗദി ഓഹരിയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആകെ വിപണി മൂല്യം 9.63 ട്രില്യൺ റിയാലായി ഉയർന്നു. കഴിഞ്ഞ വർഷാവസാനം ഇത് 9.1 ട്രില്യൺ റിയാലായിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ ഗൾഫ്, ഈജിപ്ഷ്യൻ ഓഹരി വിപണികൾ ആകെ 181.68 ബില്യൺ ഡോളർ നേട്ടം കൈവരിച്ചു. ഗൾഫ്, ഈജിപ്ത് ഓഹരി വിപണികളുടെ മൂല്യം 3.26 ട്രില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷാവസാനം ഇത് 3.08 ട്രില്യൺ ഡോളറായിരുന്നു.
2019 അവസാനത്തിൽ സൗദി അറാംകൊ ഓഹരികൾ ലിസ്റ്റ് ചെയ്തതാണ് അറബ് ഓഹരി വിപണികളിൽ സിംഹഭാഗവും സ്വന്തമാക്കാൻ സൗദി ഓഹരി വിപണിക്ക് വഴിവെച്ചത്. ഈ വർഷം ആദ്യ പാദത്തിൽ സൗദി അറാംകൊ ഓഹരികൾ 20,000 കോടി റിയാലിന്റെ നേട്ടമുണ്ടാക്കി. കമ്പനിയുടെ വിപണി മൂല്യം 7.2 ട്രില്യൺ റിയാലായി ഉയർന്നിട്ടുണ്ട്. മേഖലയിലെ മൊത്തം ഓഹരി വിപണികളുടെ ആകെ മൂല്യത്തേക്കാൾ കൂടുതലാണിത്. ഗൾഫ്, ഈജിപ്ത് ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആകെ മൂല്യത്തിന്റെ 59 ശതമാനം സൗദി അറാംകൊ വിഹിതമാണ്. ഗൾഫ്, ഈജിപ്ത് ഓഹരി വിപണികൾ ആദ്യ പാദത്തിൽ കൈവരിച്ച ആകെ നേട്ടത്തിന്റെ 29.4 ശതമാനവും സൗദി അറാംകൊയുടെ പങ്കാണ്. ആകെ 204 കമ്പനികളുടെ ഓഹരികളാണ് സൗദി ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.