കൂടുതല്‍ കണക്ടിവിറ്റിയും സൗകര്യങ്ങളും ഉറപ്പാക്കാന്‍ സൗദിയ- എയര്‍ ഇന്ത്യ കോഡ്ഷെയര്‍

കൊച്ചി: എയര്‍ ഇന്ത്യയും സൗദി അറേബ്യന്‍ എയര്‍ലൈനായ സൗദിയയും തമ്മില്‍ കോഡ് ഷെയറിംഗ് ആരംഭിക്കുന്നു. കേരളത്തില്‍ നിന്നുള്‍പ്പടെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെയധികം പ്രയോജനകരമാകുന്ന ഈ കരാര്‍ ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരും. നേരിട്ട് സര്‍വീസ് നടത്താന്‍ സാധിക്കാത്ത ഇടങ്ങളിലേക്ക് ഒന്നിലേറെ വിമാനകമ്പനികള്‍ സഹകരിച്ച് ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിംഗ്.

എയര്‍ ഇന്ത്യയില്‍ ജിദ്ദയിലേക്കോ റിയാദിലേക്കോ പോകുന്ന യാത്രക്കാര്‍ക്ക് ഒറ്റ ടിക്കറ്റില്‍ അവിടെ നിന്നും സൗദിയ ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളിലൂടെ ദമാം, അബഹ, ഗസ്സിം, ജിസാന്‍, മദീന, തായിഫ് എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ വിമാനങ്ങള്‍ ലഭിക്കും. ജിദ്ദ-റിയാദ് റൂട്ടില്‍ കോഡ്ഷെയര്‍ വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഒരു നഗരത്തില്‍ എത്തി മറ്റൊരു നഗരത്തില്‍ നിന്ന് മടങ്ങാനുള്ള സൗകര്യവും യാത്രക്കാര്‍ക്ക് ലഭിക്കും. തിരഞ്ഞെടുത്ത ചില അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്ഷനുകളും ഈ വര്‍ഷം ആരംഭിക്കും.

മുംബൈ, ഡല്‍ഹി വഴി ഇന്ത്യയിലെത്തുന്ന സൗദിയയുടെ യാത്രികര്‍ക്ക് അവിടുന്ന് കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ലഖ്നൗ, ജയ്പൂര്‍ ഉള്‍പ്പടെ 15ലധികം ഇടങ്ങളിലേക്ക് ഇന്റര്‍ലൈന്‍ സംവിധാനത്തിലൂടെ യാത്ര ചെയ്യാനാകും.

2022-ലെ സ്വകാര്യവല്‍ക്കരണത്തിന് ശേഷം എയര്‍ ഇന്ത്യയുടെ ആഗോള നെറ്റ്വര്‍ക്ക് ഗണ്യമായി വിപുലീകരിച്ചിട്ടുണ്ട്. നിലവില്‍, ലോകമെമ്പാടുമുള്ള മുന്‍നിര വിമാനക്കമ്പനികളുമായി 24 കോഡ്ഷെയര്‍ പങ്കാളിത്തങ്ങളും ഏകദേശം 100 ഇൻറര്‍ലൈന്‍ കരാറുകളും എയര്‍ ഇന്ത്യ നിലനിര്‍ത്തുന്നുണ്ട്. ഇതിലൂടെ യാത്രികര്‍ക്ക് ആഗോളതലത്തില്‍ 800ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സുതാര്യമായ യാത്രയാണ് ഒരുക്കുന്നത്.

spot_img

Related Articles

Latest news