ന്യൂഡല്‍ഹി∙ നീറ്റ് പിജി മെഡിക്കൽ കൗൺസിലിങ്ങിന് സുപ്രീം കോടതി അനുമതി . പിജി അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസി സംവരണമാകാമെന്നും മുന്നാക്കസംവരണം നിലവിലെ മാനദണ്ഡപ്രകാരം നടപ്പാക്കാമെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി വിധി.
നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ചു സംവരണം നടപ്പാക്കാൻ അനുവദിക്കണമെന്നും, കൗൺസിലിങ്ങിന് അനുമതി നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതു കോടതി അംഗീകരിച്ചു. എത്രയും പെട്ടെന്ന് കൗൺസിലിങ് പുനഃരാരംഭിക്കാം.
ഒബിസി സംവരണം നേരത്തേ സർക്കാർ നിശ്ചയിച്ചതു പ്രകാരം തന്നെ നടപ്പിലാക്കാം. കഴിഞ്ഞ ജൂലൈയിലാണ് അഖിലേന്ത്യാ ക്വാട്ടയിൽ ഒബിസി സംവരണം കേന്ദ്രം അനുവദിച്ചത്. ആ വിജ്ഞാപനത്തിനു പൂർണ അംഗീകാരം കോടതി നൽകി.
മുന്നോക്ക സംവരണത്തിന്റെ കാര്യത്തിൽ ഒരു താൽക്കാലിക ഉത്തരവു മാത്രമാണു സുപ്രീം കോടതി പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ കൗൺസിലിങ് അടിയന്തരമായി നടത്തേണ്ട സാഹചര്യമായതിനാൽ നിലവിലെ മുന്നോക്ക സംവരണത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടതില്ല.
തൽക്കാലം ഇപ്പോഴത്തെ മാനദണ്ഡങ്ങൾ അനുസരിച്ച് ഈ വർഷം സംവരണം നല്‍കാം. എട്ട് ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളവർക്കാണു മുന്നോക്ക സംവരണം അനുവദിച്ചത്.
Mediawings: