ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഹര്‍ജികളില്‍ അറ്റോര്‍ണി ജനറലിന്റെ നിലപാട് തേടി സുപ്രീംകോടതി. രണ്ടാഴ്‌ച്ചക്കകം വിഷയത്തില്‍ അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ട് എജിക്ക് കോടതി നോട്ടീസ് നല്‍കി.
ഈ വരുന്ന 27ആം തീയതി കേസ് സുപ്രീംകോടതി പരിഗണിക്കും. മണിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകന്‍റെയും ഛത്തീസ്ഗഡിലെ കാര്‍ട്ടൂണിസ്റ്റിന്‍റേതടക്കമുള്ള എല്ലാ ഹര്‍ജികളും 27-ന് ഒന്നിച്ച് പരിഗണിക്കാമെന്ന് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന് കേസില്‍ കക്ഷി ചേരാനുള്ള അനുമതിയും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്.
ഭരണകൂടത്തെ വിമര്‍ശിച്ച് ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ യു.യു ലളിത്, അജയ് രസ്തോഗി എന്നിവരുടെ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഭരണഘടന ഉറപ്പ് വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണ് 124 എ വകുപ്പെന്നും, നിയമത്തിലെ വ്യക്തത കുറവ് മൂലം അത് ദുരുപയോഗം ചെയ്യുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.