കുവൈത്തിന് ഷെങ്കന്‍ വിസ;

കുവൈത്ത് സിറ്റി: കുവൈത്തിലെയും ഖത്തറിലെയും പൗരന്മാര്‍ക്ക് ഷെങ്കന്‍ വിസ അനുവദിക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് കമ്മിറ്റി അംഗീകാരം.

വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പൗരസ്വാതന്ത്ര്യം, നീതിന്യായം, ആഭ്യന്തര കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച കമ്മിറ്റി ഇരുരാജ്യങ്ങള്‍ക്കും അനുകൂലമായി വോട്ടുചെയ്തു.

42 വോട്ടുകളുടെ പിന്തുണയോടെയാണ് അംഗീകാരം. 16 എതിര്‍വോട്ടുകളും രേഖപ്പെടുത്തി. ഷെങ്കന്‍ വിസ സൗകര്യം ലഭിക്കുന്നതോടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കുവൈത്ത്, ഖത്തര്‍ പൗരന്മാര്‍ക്ക് വിസരഹിതമായി സഞ്ചരിക്കാന്‍ കഴിയും.

വിഷയത്തില്‍ ഈ മാസം 17ന് യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനിടെ കുവൈത്തില്‍ ഏഴുപേരുടെ വധശിക്ഷ നടപ്പാക്കിയത് രാഷ്ട്രീയ ചര്‍ച്ചയാവുകയും വോട്ടെടുപ്പ് മാറ്റിവെക്കുകയുമായിരുന്നു. കുവൈത്തിലെ വധശിക്ഷക്കെതിരെ യൂറോപ്യന്‍ യൂനിയനും യൂറോപ്യന്‍ കമീഷന്‍ വൈസ് പ്രസിഡന്റ് മാര്‍ഗരിറ്റിസ് ഷിനാസും രംഗത്തെത്തുകയുമുണ്ടായി. ഇതിനുപിറകെയാണ് നേരത്തെ വോട്ടെടുപ്പ് മാറ്റിവെച്ചത്.

എന്നാല്‍, ഇതിനെതിരെ കുവൈത്തും അറബ് പാര്‍ലമെന്റും ശക്തമായി പ്രതികരിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലും നീതിന്യായ വ്യവസ്ഥയിലും വിധികളിലുമുള്ള ഇടപെടലായാണ് കുവൈത്ത്, യൂറോപ്യന്‍ യൂനിയന്‍ പ്രതികരണങ്ങളെ വിലയിരുത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് വ്യാഴാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റ് കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നത്.

അതേസമയം, വധശിക്ഷ നിര്‍ത്തിവെക്കണമെന്ന ഉപാധി കുവൈത്തിനുമുമ്ബാകെ വെച്ചിട്ടുണ്ട്. പരസ്പര ചര്‍ച്ചകളിലൂടെ ഇതില്‍ തീരുമാനമാകുന്ന മുറക്കാകും കുവൈത്തിന് വിസ അനുവദിച്ചുതുടങ്ങുകയെന്ന് അല്‍ റായി പത്രം റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമോ വിഷയത്തില്‍ കുവൈത്തിന്റെ പ്രതികരണമോ വന്നിട്ടില്ല.

spot_img

Related Articles

Latest news