സ്കൂൾ പാചക തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിൻറെ നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ചുള്ള സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള സ്കൂൾ പാചക തൊഴിലാളി സംഘടന( എച്ച്.എം.എസ് )
ഏപ്രിൽ 4 ,5 ദിവസങ്ങളിൽ തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹം നടത്തും.
2016 ൽ ഉമ്മൻചാണ്ടി സർക്കാർ സ്കൂൾ പാചക തൊഴിലാളികളെ ‘തൊഴിലാളികളായി’ അംഗീകരിച്ചുകൊണ്ട്
വേതനവും, ജോലിഭാരവും നിശ്ചയിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ പിന്നീട് വന്ന പിണറായി സർക്കാർ വിജ്ഞാപനം റദ്ദാക്കുകയും തൊഴിലാളികളെ ദിവസ കൂലിക്കാരായി മാറ്റുകയുമാണ് ചെയ്തത്. 2016ലെ വിജ്ഞാപനം പുനഃസ്ഥാപിച്ചു തൊഴിലാളികൾക്ക് മിനിമം കൂലിയും ആനുകൂല്യങ്ങളും ഉറപ്പാക്കണം എന്നുള്ളതാണ് തൊഴിലാളികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 4 മണി വരെ വിശ്രമമില്ലാതെ പണിയെടുക്കുന്ന സ്കൂൾ പാചക തൊഴിലാളികളെ ‘തൊഴിലാളികൾ’ എന്ന നിർവചനത്തിൽ നിന്നും ഒഴിവാക്കി സന്നദ്ധ പ്രവർത്തക വിഭാഗത്തിൽ ഉൾപ്പെടുത്തി വേതനത്തിനു പകരം ഓണറേറിയം മാത്രം
നൽകാനുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ സ്വീകരിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയിരിക്കുകയാണ്.
2024 ഡിസംബർ വരെയുള്ള പ്രതിഫലം മാത്രമേ തൊഴിലാളികൾക്ക് ഇതുവരെ ലഭിച്ചിട്ടുള്ളൂ .
സ്കൂൾ പാചക തൊഴിലാളികളെ പാർട്ട് ടൈം കണ്ടിജൻസി ജീവനക്കാരായി അംഗീകരിച്ചു ന്യായമായ വേതനവും ആനുകൂല്യങ്ങളും നൽകുന്ന തമിഴ്നാട് സർക്കാർ നടപ്പിലാക്കിയ മോഡൽ കേരളത്തിലും നടപ്പിലാക്കണമെന്നാണ് കേരള സ്കൂൾ പാചക തൊഴിലാളി സംഘടന ആവശ്യപ്പെടുന്നത്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി
ഏപ്രിൽ 4 ,5 തീയതികളിൽ നടക്കുന്ന സത്യാഗ്രഹ സമരത്തെ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളായ മുൻ എം പി തമ്പാൻ തോമസ്, സി പി ജോൺ, എച്ച് എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, തേറമ്പിൽ ശ്രീധരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിക്കും.
തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ജില്ല കളക്ടറേറ്റുകളിലേക്കും , മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെക്കും മാർച്ച് നടത്തിയിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്. രണ്ടു മാസത്തെ
ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ദിവസക്കൂലി 1000 രൂപയായി വർദ്ധിപ്പിക്കുക, 250 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്ന തീരുമാനം നടപ്പിലാക്കുക, ആറുമാസത്തിലൊരിക്കലുള്ള ആരോഗ്യ പരിശോധന ചിലവ് സർക്കാർ വഹിക്കുക,
തമിഴ്നാട്ടിലെ സ്കൂൾ പാചക തൊഴിലാളികൾക്കുള്ള പദ്ധതികൾ കേരളത്തിലും നടപ്പിലാക്കുക, തൊഴിലിടങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്നിവയാണ് സംഘടന മുന്നോട്ടു വച്ചിട്ടുള്ള മറ്റ് ആവശ്യങ്ങൾ