പാലക്കാട്: പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ നടപടിയുമായി മാനേജ്മെന്റ്.സംഭവത്തില്‍ പ്രധാനധ്യപികയെയും ആരോപണവിധേയയായ അധ്യാപികയെയും സസ്പെൻഡ് ചെയ്തു. ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി. സ്കൂള്‍ നാല് ദിവസത്തേക്ക് അടച്ചിട്ടു. കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്കൂള്‍ വിട്ട് വന്നയുടൻ യൂണിഫോമില്‍ തന്നെ തൂങ്ങി മരിക്കകയായിരുന്നു. ഇതിനു പിന്നാലെ ആത്മഹത്യയ്ക്ക് കാരണം ക്ലാസ് അധ്യാപിക ആശയുടെ നിരന്തര മാനസിക പീഡനം എന്ന് ആരോപിച്ച് മാതാപിതാക്കളും വിദ്യാർത്ഥികളും രംഗത്ത് എത്തി.
ഇൻസ്റ്റാഗ്രാമില്‍ കുട്ടികള്‍ അയച്ച മെസ്സേജിനെ തുടർന്ന് സൈബർ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലില്‍ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. ഇതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം പോലീസില്‍ പരാതി നല്കി.
വിദ്യാർത്ഥിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് സ്കൂളില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിനു പിന്നാലെ വിവിധ വിദ്യാർത്ഥി സംഘടനകളും പ്രധാനാധ്യപികയെ ഉപരോധിച്ച് രംഗത്ത് എത്തി. അധ്യാപിക നിരന്തരം അർജുനെ വഴക്ക് പറയാറുണ്ടെന്നും ക്ലാസില്‍ വച്ച് സൈബർ സെല്ലില്‍ വിളിച്ചതോടെ അർജുൻ അസ്വസ്ഥാനായിരുന്നു എന്ന് സഹപാഠി പറയുന്നു. പ്രതിഷേധം ശക്തമായതോടെയാണ് മാനേജ്മെൻ്റ് കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് ആരോപിതരായ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.