കര്‍ണാടകയിൽ ഇന്ന് മുതല്‍ സ്കൂളുകൾ തുറക്കുന്നു.

കോവിഡ്​ രണ്ടാം ഘട്ട വ്യാപനം നിയന്ത്രണ വിധേയമായതോടെ കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു.

 

തിങ്കളാഴ്​ച മുതല്‍ ഒമ്പത്, 10 ക്ലാസുകള്‍ക്കും, പ്രീ യൂണിവേഴ്‌സിറ്റി (ഹയര്‍​ സെക്കന്‍ഡറി ) വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്​. പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസ്​ വരെയുള്ളവര്‍ക്ക്​ ക്ലാസുകള്‍ ഓണ്‍ലൈനായിത്തന്നെ തുടരും.

 

അതേസമയം ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ സ്​കൂള്‍ തുറക്കേണ്ടതില്ലെന്നാണ്​ ജില്ലാ ഭരണകൂടത്തി​ന്റെ തീരുമാനം. രണ്ട് ശതമാനത്തില്‍ താഴെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലാണ്​ ആദ്യഘട്ടത്തില്‍ ഓഫ്​ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്​.

 

കാസര്‍കോടിനോട്​ അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡയിലെ പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ കൂടുതലായതിനാലാണ്​ സ്​കൂളുകളില്‍ ഓഫ്​ലൈന്‍ ക്ലാസ്​ ആരംഭിക്കുന്നത്​ ആഗസ്​റ്റ്​ 28 വരെ മാറ്റിവെച്ചത്​​. ഉഡുപ്പിയില്‍ 2.5 ആണ്​ പോസിറ്റിവിറ്റി നിരക്ക്​. ഇത്​ താഴുന്ന പക്ഷം സ്കൂള്‍ തുറക്കാനാണ്​ തീരുമാനം.

 

കര്‍ണാടകയില്‍ സ്​കൂളുകള്‍ തുറക്കുന്നതിന്​ മുന്നോടിയായി സര്‍ക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈ പറഞ്ഞു.

 

ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ രണ്ട്​ ബാച്ചായാണ്​ വിദ്യാര്‍ഥികള്‍ക്ക്​ പ്രവേശനം അനുവദിക്കുക. രണ്ടു ബാച്ചുകള്‍ക്കും വ്യത്യസ്ത ദിവസങ്ങളിലാണ്​ ക്ലാസ്​. ആഴ്ചയില്‍ മൂന്നു ദിവസം വീതം ഇരു ബാച്ചുകള്‍ക്കും അനുവദിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരായാല്‍ മതി. കുട്ടികളുടെ ഹാജര്‍ നിര്‍ബന്ധമല്ലെന്ന്​ സ്​കൂളുകള്‍ക്ക്​ സര്‍കാര്‍ നിര്‍ദേശം നല്‍കി. ഉച്ചഭക്ഷണ വിതരണവും ഒഴിവാക്കി.

 

കോവിഡ്​ മൂന്നാം തരംഗത്തി​ന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രൈമറി സ്​കൂളുകള്‍ തുറക്കുന്നതിനെ കുറിച്ച്‌​ കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി കൂടിയാലോചിച്ച ശേഷം ഈ മാസം അവസാനത്തില്‍ തീരുമാനമെടുക്കും.

 

Mediawings:

spot_img

Related Articles

Latest news