സ്വത്തു തട്ടിയെടുക്കാൻ അമ്മയെ വിഷം കൊടുത്ത് കൊന്ന മകൾ അറസ്റ്റിൽ. കുന്നംകുളം കീഴൂർ സ്വദേശി രുഗ്മിണിയെ കൊന്ന കേസിലാണ് മകൾ ഇന്ദുലേഖയെ അറസ്റ്റ് ചെയ്തത്. എങ്ങനെ വിഷം കൊടുത്ത് കൊല്ലാമെന്ന് ഗൂഗിളിൽ ഇന്ദുലേഖ സെർച്ച് ചെയ്തതിന്റെ ഹിസ്റ്ററിയാണ് കേസിൽ വഴിത്തിരിവായത്.
അമ്മയ്ക്ക് തുടർച്ചയായ ഛർദ്ദി. മഞ്ഞപ്പിത്തമാണെന്ന് മകൾ. ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർക്ക് സംശയം . വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന് ഡോക്ടർ. മൂന്നാം ദിവസം അമ്മ മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വിഷം ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തി. ആത്മഹത്യ ചെയ്യാൻ ഒരു കാരണവുമില്ല. അച്ഛനും ഇളയ മകൾക്കും സംശയം ബലപ്പെട്ടു. ഇന്ദുലേഖയുടെ മകന്റെ കീശയിൽ എലിവിഷം കണ്ടതായി അച്ഛൻ മൊഴി നൽകി. വിഷ പായ്ക്കറ്റ് കളയാൻ അമ്മ മകനെ ഏൽപിച്ചിരുന്നു.
മകനാകട്ടെ ഇത് മുത്തച്ഛനോട് പറഞ്ഞു. മകൾ ഇന്ദുലേഖയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു. പതറാതെ മറുപടികൾ. ഫോൺ പിടിച്ചു വാങ്ങി ഗൂഗിൾ സെർച്ച് ഹിസ്റ്ററി നോക്കി. മാരകമായ വിഷം ഏത് ? ഇത് ഉള്ളിൽ ചെന്നാൽ ലക്ഷണം ഏത്? ഇത്തരം സെർച്ചുകൾ. ഇത് എന്തിനാണെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മുമ്പിൽ ഇന്ദുലേഖ പതറി. കുറ്റം സമ്മതിച്ചു. ചന്ദ്രൻ– രുഗ്മിണി ദമ്പതികളുടെ മൂത്ത മകളാണ് ഇന്ദുലേഖ. രണ്ടു മക്കളുണ്ട്. മകന് പതിനേഴ് വയസുണ്ട്.
ഭർത്താവ് ഗൾഫിൽ. എട്ടു ലക്ഷം രൂപയുടെ ബാധ്യത തീർക്കാൻ ഇന്ദുലേഖ സ്വത്ത് ആവശ്യപ്പെട്ടു. കാലശേഷം സ്വത്ത് എന്ന നിലപാടിലായിരുന്നു അമ്മ രുഗ്മിണി. അങ്ങനെ അമ്മയെ ഒഴിവാക്കി. കീടനാശിനി ചായയിൽ ഒഴിച്ച് അച്ഛനേയും അപായപ്പെടുത്താൻ ശ്രമിച്ചതായി പൊലീസിന് വിവരം കിട്ടി. രുചി മാറ്റമുള്ളതിനാൽ അച്ഛൻ ചായ കുടിച്ചില്ല. അതുകൊണ്ട് രക്ഷപ്പെട്ടു. വീട്ടുകാരെ കുറിച്ച് നാട്ടുകാർക്ക് നല്ല അഭിപ്രായമായിരുന്നു.
ഇന്ദുലേഖയെ കൊലക്കുറ്റി ചുമത്തി അറസ്റ്റ് ചെയ്തു. എലി വിഷത്തിന്റെ ബാക്കി വീട്ടിൽ നിന്ന് കണ്ടെടുത്തു.