വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്വകാര്യ വസതിയില്‍നിന്ന് സര്‍ക്കാരിന്‍റെ രഹസ്യരേഖകള്‍ വീണ്ടും കണ്ടെത്തി.
ഡെലാവറിലെ വില്‍മിംഗ്ടണിലുള്ള വസതിയില്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ 13 മണിക്കൂര്‍ പരിശോധന നടത്തി. ആറു രഹസ്യ രേഖകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ബൈഡന്‍ സെനറ്ററായിരുന്ന കാലത്തെയും വൈസ് പ്രസിഡന്‍റായിരുന്ന കാലത്തെയും രേഖകളാണിവ.
വാഷിംഗ്ടണില്‍ ബൈഡന്‍ മുന്പ് ഉപയോഗിച്ചിരുന്ന സ്വകാര്യ ഓഫീസില്‍നിന്നടക്കം നേരത്തേ രഹസ്യരേഖകള്‍ കണ്ടെത്തിയിരുന്നു. അദ്ദേഹം എന്തിനാണ് ഇവ സൂക്ഷിച്ചതെന്നതില്‍ വ്യക്തതയില്ല. ഒരു ഭരണകൂടത്തിന്‍റെ കാലാവധി അവസാനിക്കുന്പോള്‍ സര്‍ക്കാര്‍ രേഖകളുടെ ചുമതലയുള്ള നാഷണല്‍ ആര്‍ക്കൈവ്സിനു കൈമാറണമെന്നതാണു ചട്ടം. കണ്ടെത്തിയ രേഖകളെല്ലാം നാഷണല്‍ ആര്‍ക്കൈവ്സിനു നല്കി.
അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് തന്‍റെ അഭിഭാഷകര്‍ക്കു ബൈഡന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ബൈഡന്‍റെ സ്വകാര്യ കുറിപ്പുകളും ഫയലുകളും പരിശോധിക്കുന്നതടക്കം എല്ലാവിധ സ്വാതന്ത്ര്യവും അന്വേഷണസംഘത്തിനു നല്കിയിട്ടുണ്ടെന്ന് ബൈഡന്‍റെ അഭിഭാഷകന്‍ അറിയിച്ചു.