കൊച്ചി : നോര്‍വീജിയന്‍ കമ്പനിയായ അസ്‌കോ മാരിടൈമിനു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന രണ്ട് വൈദ്യുത ചരക്കു കപ്പലുകള്‍ക്ക് കീലിട്ടു. മന്ത്രി പി രാജീവ് മുഖ്യാതിഥിയായി. വൈദ്യുതി ഇന്ധനമാക്കുന്ന ആദ്യത്തെ ചരക്കുകപ്പലുകളുടെ നിര്‍മാണകരാര്‍ ഏറ്റെടുത്തത് കപ്പല്‍ശാലയ്‌ക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
അത്യാധുനിക കപ്പലുകള്‍ നിര്‍മിക്കാനായി യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് അടക്കം കരാറുകള്‍ ഇതിലൂടെ കപ്പല്‍ശാലയ്‌ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെെദ്യുതി ഇന്ധനമാക്കി, സ്വയം നിയന്ത്രണം സാധ്യമാകുന്ന ഈ ചരക്കുകപ്പലുകള്‍ ലോകത്തില്‍ ഇത്തരത്തിലെ ആദ്യത്തേതാണെന്ന് കപ്പല്‍ശാല അധികൃതര്‍ അറിയിച്ചു.
അസ്‌കോ മാരിടൈം മാനേജിങ് ഡയറക്ടര്‍ കായ് ജസ്റ്റ് ഒസ്‌ലേന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുത്തു. വൈദ്യുത കപ്പല്‍രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നിര്‍മിതിയിലൂടെ തുടക്കമാകുമെന്ന് കൊച്ചി കപ്പല്‍ശാല എംഡി മധു എസ് നായര്‍ പറഞ്ഞു. 2020 ജൂലൈയിലാണ് ഇതുസംബന്ധിച്ച് കരാര്‍ കപ്പല്‍ശാലയ്‌ക്ക് ലഭിക്കുന്നത്.
67 മീറ്റര്‍ നീളമുള്ള യാനങ്ങള്‍ 1846 കിലോവാട്ട് ശക്തിയുള്ള ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. 16 ട്രയ്‌ലറുകള്‍ ഒരുമിച്ച് വഹിക്കാന്‍ ശേഷിയുണ്ട്. നോര്‍വീജിയന്‍ മാരിടൈം അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് കപ്പലുകള്‍ പ്രവര്‍ത്തിക്കുക.