മലപ്പുറം: എടവണ്ണപ്പാറയിലെ പതിനേഴുവയസ്സുകാരിയെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന കരാട്ടെ അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഊർക്കടവ് വലിയാട്ട് സിദ്ദീഖലി (43)യുടെ ജാമ്യമാണ് മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ. സനിൽകുമാർ തള്ളിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചൂവെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും, സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിക്കും, തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട് തുടങ്ങിയ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. 2024 ഫെബ്രുവരി 19-നാണ് പ്ലസ് വൺ വിദ്യാർഥിനിയെ ചാലിയാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.