പത്തനംതിട്ട: ശബരിമല അയ്യപ്പന്റെ വയസ് തിട്ടപ്പെടുത്തിയിട്ടില്ലങ്കിലും അദ്ദേഹത്തിന്റെ ഉറക്കുപാട്ടിന് നൂറ് തികയുന്നു. ശബരിമലയുമായി കഴിഞ്ഞ ഒരു നൂറ്റാണ്ടായി ബന്ധപ്പെടുത്തുന്ന “ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം” എന്ന കീർത്തനമാണ് രചനയുടെ നൂറ് വർഷം തികക്കുന്നത്. 1923ല്‍ കൊന്നകത്ത് ജാനകിയമ്മയാണ് ഈ ഗാനം രചിച്ചതെന്ന് മകള്‍ ചേര്‍ത്തല സ്വദേശി ബാലാമണി അമ്മ പറഞ്ഞിരുന്നു. ആലപ്പുഴ ജില്ലയിലെ പുറക്കാടിനടുത്തുള്ള ആനന്ദേശ്വരം സ്വദേശിയും അയ്യപ്പഭക്തയുമായ കൊന്നകത്ത് ജാനകി അമ്മ പിന്നീട് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലേക്ക് കുടുംബത്തോടെ താമസം മാറ്റി.1923 ലാണ് എഴുതിയെങ്കിലും അത് 1975ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലൂടെ ആണ് ഗാനം ലോകമറിഞ്ഞത്.
ഹരിവരാസനം എന്നറിയപ്പെടുന്ന ഹരിഹരാത്മജ അഷ്ടകം മധ്യമാവതി രാഗത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി പുറത്തു വന്നതോടെ അയ്യപ്പ ഭക്തർ ഏറ്റെടുക്കുക ആയിരുന്നു. അത്താഴ പൂജക്ക് ശേഷം ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിന് മുന്‍പ് ഉറക്ക് പാട്ട് സന്നിധാനത്തെ കൂടുതൽ ഭക്തി സാന്ദ്രമാക്കും.ഈ പാട്ട് കേട്ട് മലയിറങ്ങാൻ കാത്ത് നിൽക്കുന്നവർ ഏറെയാണ്. യേശുദാസിന്റെ ശബ്ദസൗകുമാര്യത്തില്‍ ആണ് പാട്ട് എന്നതും ഭക്തർക്ക് കൂടുതൽ ഇമ്പമാകുന്നു. സംസ്‌കൃതത്തില്‍ ഓരോ വരിയിലും 11 അക്ഷരങ്ങള്‍ വീതം 32 വരികള്‍ സമ്മത എന്ന വൃത്തത്തില്‍ ആണ് രചിച്ചിരിക്കുന്നത്. ഹരിവരാസനം എന്ന വിഷയത്തില്‍ മറ്റു ചില ശ്ലോകങ്ങള്‍ അടങ്ങിയ ഒരു ചെറിയ പുസ്തകം ശ്രീ ധര്‍മ്മശാസ്ത സ്തുതി കദംബം എന്ന പേരില്‍ 1961ല്‍ തിരുവനന്തപുരം ചാലായിലുള്ള ജയചന്ദ്ര ബുക്ക് ഡിപ്പോയില്‍ നിന്നും അച്ചടിച്ച് കമ്പംകുടി കുളത്തൂര്‍ സുന്ദരം അയ്യര്‍ എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്നു. ഈ ഗാനം സന്നിധാനത്ത് പതിവായി ആലപിക്കാന്‍ തുടങ്ങിയ തീയതിയെക്കുറിച്ച് വ്യക്തമോ ആധികാരികമോ ആയ രേഖകള്‍ ഒന്നുമില്ല. പഴയ ഗുരുസ്വാമിമാരില്‍ ചിലരുടെയും ദീര്‍ഘകാല ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെയും അഭിപ്രായത്തില്‍ 1952 മുതല്‍ ഏകദേശം 70 വര്‍ഷമായി സന്നിധാനത്ത് ഇത് പതിവായി പാടുന്നതായി രേഖപ്പെടുത്തുന്നു.
ശബരിമല അയ്യപ്പ സേവാ സമാജത്തോടൊപ്പം ആചാര്യവൃന്ദവും ആധ്യാത്മിക പ്രസ്ഥാനങ്ങളും ഹൈന്ദവ സംഘടനകളും വിവിധ അയ്യപ്പഭക്ത സമിതികളും ചേര്‍ന്ന് അടുത്ത 18 മാസത്തോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ വിശ്വവ്യാപകമായി ഹരിവരാസന ശതാബ്ദി ആഘോഷിക്കും. അയ്യപ്പന്റെ ജന്മസ്ഥലമായാ പന്തളത്ത് നിന്നാണ് ഇതിന് തുടക്കം കുറിക്കുന്നത്. ഹരിവരാസന രചന നിർവഹിച്ച ജാനകി അമ്മയുടെ പിതാവ് ശബരിമലയിലെ പുരോഹിതനായിരുന്നു. അയ്യപ്പധര്‍മ്മം രാജ്യത്തുട നീളം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്വാമി വിമോചനാനന്ദയുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ ആചാരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 1950 ല്‍ ശബരിമല ക്ഷേത്രം നശിപ്പിക്കപ്പെട്ടു. 1952 ലാണ് സ്വാമി അയ്യപ്പന്റെ ഇന്നത്തെ വിഗ്രഹം പ്രതിഷ്ഠിച്ചത്. സ്വാമി ചിന്മയാനന്ദ, സ്വാമി വിമോചനാനന്ദ, കമ്പംകുടി കുഴത്തൂര്‍ അയ്യര്‍, പി.ടി. രാജന്‍ സ്വാമി , സ്വാമി നവാബ് രാജമാണിക്കം, രാജഗുരു എം.എന്‍.നമ്പ്യാര്‍ തുടങ്ങിയവര്‍ ശബരിമല സംരക്ഷണത്തിനും അയ്യപ്പ ധര്‍മ്മപ്രചരണത്തിനും ഏറെ സമയം ചെലവഴിച്ചവരാണ്. മെരിലാൻഡ് സുബ്രമണ്യം മുതലാളി ആണ് സ്വാമി അയ്യപ്പൻ ചിത്രം നിർമ്മിച്ച് ഈ അഷ്ടകം അതിന്റെ ഭാഗമാക്കിയത്. അയ്യപ്പധര്‍മ്മത്തിന്റെ മഹത്വം ലോകമെമ്പാടും അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ശബരിമല അയ്യപ്പ സേവാസമാജം 2024 ജനുവരി വരെ നിരവധി പരിപാടികളോടെ ഹരിവരാസനം ശതാബ്ദി പരിപാടികൾ രാജ്യമെമ്പാടും നടത്തുന്നത്.