തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് വക്താവ് നിയമനം തന്റെ അറിവോടെയല്ലെന്ന് ഷാഫി പറമ്പില്‍ എംഎൽഎ. നിയമനത്തിനെതിരെ ആദ്യം പ്രതികരിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലെ പ്രത്യേക സെല്ലാണ് നിയമനം നടത്തിയത്. അവരുടെ തെരഞ്ഞെടുപ്പ് രീതിയറിയില്ല. വക്താക്കളാകാൻ കഴിവുള്ള നിരവധി പേർ യൂത്തുകോൺഗ്രസിലുണ്ട്. നേതാക്കളുടെ മക്കളായതുകൊണ്ട് പ്രത്യേക യോഗ്യതയോ അയോഗ്യതയോ ഇല്ലെന്നും ഷാഫി പറഞ്ഞു.
നേതാക്കള്‍ പേരെഴുതിക്കൊടുത്ത് വന്ന നിയമനമല്ലിത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ ഇടപെട്ടിട്ടില്ല. ഇവിടുത്തെ വികാരം മനസിലാക്കി നിയമനം റദ്ദാക്കണമെന്ന് അറിഞ്ഞയുടൻ ആവശ്യപ്പെട്ടു.
നിയമനം റദ്ദാക്കിയതിലൂടെ വിവാദങ്ങൾ അവസാനിച്ചു. കെ.സി വേണുഗോപാലിന് ഇത്തരം കാര്യങ്ങളിൽ പങ്കുണ്ടെന്ന് പറയുന്നത് ബാലിശമാണെന്നും ഷാഫി കൂട്ടിച്ചേർത്തു.