വടകര: വടകര എം.പി ഷാഫി പറമ്പിലിനെതിരെ നടന്ന ആക്രമണശ്രമത്തിലും അസഭ്യവിളികളിലും ശക്തമായ പ്രതിഷേധവുമായി റിയാദ് ഒഐസിസി രംഗത്തെത്തി. പ്രദേശത്ത് നടന്ന ചടങ്ങിൽ നിന്ന് മടങ്ങുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ എം.പിയെ തടഞ്ഞു നിർത്തുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവമാണ് വിവാദമായത്.
ജനാധിപത്യ രീതികൾക്ക് വിരുദ്ധമായും, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ മാന്യതയെ അപമാനിക്കാനുദ്ദേശിച്ചും നടത്തിയ ഇത്തരം പ്രവർത്തികൾ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ തെളിവ് മാത്രമാണ് എന്ന് റിയാദ് ഒഐസിസി പ്രസ്താവനയിൽ ആരോപിച്ചു. വടകരയിൽ ഇടതുപക്ഷം നേരിട്ട പരാജയം ഇപ്പോഴും അവർക്ക് സഹിക്കാനാകാത്തതുകൊണ്ടാണ് ജനപ്രതിനിധിയുടെ പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്നത്.
വികസനവും ജനപ്രശ്നങ്ങളും മുൻനിർത്തി പ്രവർത്തിക്കുന്ന എം.പിയെ കായികമായി തടഞ്ഞ നടപടി ജനാധിപത്യ മൂല്യങ്ങൾക്കെതിരായ ഗുരുതരമായ ആക്രമണമാണ്. ഇത്തരത്തിലുള്ള പ്രവണതകൾക്കെതിരെ പൊതു സമൂഹം ഒന്നിച്ചു നിലകൊള്ളണം. ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കാൻ ഇത്തരം ആളുകളെ യാതൊരു കാരണവശാലും അനുവദിക്കുകയില്ല എന്നും റിയാദ് ഒഐസിസി
പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, പ്രതിഷേധക്കാരോട് നേരിട്ട് പ്രതികരിച്ച ഷാഫി പറമ്പിൽ തന്റെ ഉറച്ച നിലപാട് വ്യക്തമാക്കി:
“തെറി പറഞ്ഞാൽ പോകുമെന്ന് വിചാരിച്ചോ? അതിന് വേറെ ആളെ നോക്കണം. സമരം വേണമെങ്കിൽ ചെയ്തോളൂ. പേടിപ്പിച്ച് വിടാമെന്ന് വിചാരിച്ചോ? അതിനും വേറെ ആളെ നോക്കണം. ഒരാളെയും പേടിച്ച് പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നായ, പട്ടി എന്ന് വിളിച്ചാൽ കേട്ടിട്ട് പോകുമെന്ന് ആരും വിചാരിക്കേണ്ട. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഞാൻ ഭയന്നിട്ടില്ല, പക്ഷേ സമരത്തിന്റെ പേരിൽ അസഭ്യം പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.”
സംഭവത്തിൽ ജനങ്ങൾക്കും സാമൂഹിക സംഘടനകൾക്കും ഇടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സംഭവത്തിനെതിരെ വ്യാപകമായ പ്രതികരണങ്ങൾ തുടരുകയാണ്.