തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യത ആരോപണം ഉന്നയിച്ച യുവതിക്ക് മറുപടിയുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. ഷാഹിദ ബി.കോം പാസ്സായിട്ടില്ലെന്നും ഡോക്ടറേറ്റ് ഇല്ലെന്നുമായിരുന്നു തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരി ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞത്.
വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ഡോക്ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേര്‍ത്തതാണെന്നാണ് പരാതി ഉയര്‍ന്നത്. സര്‍വ്വകലാശാലയില്‍ തനിക്ക് രേഖാമൂലം ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് ബികോം വരെ മാത്രമാണ് പഠിച്ചതെന്നും പരാതിക്കാരി ആരോപിച്ചു.
എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് ഷാഹിദാ കമാല്‍ പ്രതികരിച്ചു. വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി എടുത്തെന്നും ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച ഡി ലിറ്റ് ഉണ്ടെന്നുമാണ് ഷാഹിദാ കമാലിന്റെ വാദം.
തന്നെപ്പോലുള്ള ഒരു പൊതു പ്രവര്ത്തകയ്ക്ക് അത്തരത്തില്‍ വ്യാജ യോഗ്യത വെക്കാന്‍ സാധിക്കുമോ എന്ന് സാമാന്യ യുക്തിയുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
ഷാഹിദ കമാല്‍ എന്ന പൊതുപ്രവര്‍ത്തകയ്ക്ക് ഇന്റര്‍നാഷണല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ചതാണ് ഈ ഡോക്ടറേറ്റ്. ഇതേ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കേരളത്തിലെ നിരവധി പേര്‍ക്ക് ഡി.ലിറ്റ് ലഭിച്ചിട്ടുണ്ട്. അവരെല്ലാം ഡോക്ടര്‍ എന്ന് പ്രൊഫൈലിന്റെ കൂടെ വെക്കുന്നുണ്ടെന്നും ഷാഹിദ കമാല്‍ പറഞ്ഞു.