റിയാദ് : സിപിഎം വിട്ട് കോൺഗ്രസ്സിൽ ചേർന്ന മലപ്പുറം ജില്ലയിലെ മൂത്തേടം ബ്രാഞ്ച് മെമ്പറും കേളി അൽ ഖർജ് ഏരിയ വൈസ് പ്രസിഡന്റുമായിരുന്ന ഷാജി മൂത്തേടത്തിന് ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നൽകി. ജില്ല കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ഒഐസിസി ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറി പിഎ സലീം ഷാജിക്ക് അംഗത്വം ഫോം നൽകി . കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഷാജിയെ ഷാൾ അണിയിച്ചു.
അൽ ഖർജ് ഏരിയയിലെ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഷാജിയുടെ വരവ് ഒഐസിസിക്ക് ഊർജം പകരുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഷാജിയെ പോലുള്ളവരുടെ കടന്നു വരവ് പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
സാധാരണക്കാർക്ക് മനസ്സിലാകാത്ത ഭാഷയും നിയമവും തീരുമാനവുമാണ് ഇപ്പോൾ സിപിഎംമ്മിന്റേത്. പാർട്ടിയുടെ പ്രത്യേയശസ്ത്രത്തിന് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ അതിന് സാധാരണ പ്രവർത്തകർ വിശദീകരണം ആവശ്യപ്പെട്ടാൽ പഴയ സന്ദേശം സിനിമയിലെ ഉത്തമനെ ഇരുത്തും പോലെ ഇരുത്തുകയാണ്. ജനാധിപത്യത്തിന്റെയും മതേതരതത്തിന്റെയും നിലനിൽപ്പിന് കോൺഗ്രസ്സിന് തിരിച്ചുവരവ് ഉണ്ടായേ തീരൂ അത് കൊണ്ടാണ് കോൺഗ്രസ്സിലെ സാധാരണ പ്രവർത്തകനായി പ്രവർത്തിക്കാൻ കടന്ന് വന്നതെന്ന് ഷാജി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ , ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ഒഐസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട് , ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ ,ജില്ലാ കമ്മിറ്റി ട്രഷറർ സാദിഖ് വടപുറം, ജോയിന്റ് ട്രഷറർ ഷറഫു ചിറ്റൻ തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
ഷമീർ മാളിയേക്കൽ , അൻസാർ വാഴക്കാട് , സൈനുദ്ധീൻ വെട്ടത്തൂർ , ഭാസ്കരൻ, പ്രഭാകരൻ , ഉണ്ണി , മുത്തു പാണ്ടിക്കാട് , ശിഹാബ് അരിപ്പൻ ,ബൈജു , ഇസ്മായിൽ , ഷൗക്കത്ത് ഷിഫാ തുടങ്ങിയവർ പരിപാടിക് നേതൃത്വം കൊടുത്തു.