കൃഷ്ണപ്രിയയുടെ അച്ഛൻ എന്ന ഒറ്റ വിശേഷണം കൊണ്ടുതന്നെ കേരളമാകെ ഓർക്കുന്ന വ്യക്തിയായിരുന്നു മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണൻ.പിഞ്ചുമകളുടെ ഘാതകനെ വിധിക്ക് വിട്ടുകൊടുത്താതെ ഒറ്റവെടിയുണ്ടയില്‍ അവസാനിപ്പിച്ച അച്ഛനെ മലയാളികള്‍ ഏറെക്കാലം ചർച്ച ചെയ്തു. ഒടുവില്‍ 75-ാം വയസ്സില്‍ മകളുടെ ഓർമകളും പേറി ആ അച്ഛൻ വിടവാങ്ങിയിരിക്കുന്നു.
പതിമൂന്ന് വയസുകാരിയായിരുന്ന കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ കൊലപാതക കേസില്‍ ശങ്കരനാരായണനെ കുറ്റവിമുക്തനായിരുന്നു. തൻ്റെ ഏക മകളായ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ശങ്കരനാരായണൻ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നായിരുന്നു കേസ്. 2001 ഫെബ്രുവരി ഒന്‍പതിനാണ് കൃഷ്ണപ്രിയ കൊല്ലപ്പെട്ടത്.
ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലായ് 27ന് വെടിയേറ്റ് കൊല്ലപ്പെട്ടു. കേസില്‍ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണീരിന്റെ കയ്പ്പുമായി രാവുകള്‍ തള്ളിനീക്കിയ ഒരച്ഛൻ ശങ്കരനാരായണൻ ഹീറോ എന്ന കഥാപാത്രത്തിലേക്ക് മാറി. മകളുടെ മരണശേഷം അതീവദുഃഖിതനായിരുന്നു ശങ്കരനാരായണൻ. പക്ഷേ മനസ്സില്‍ അടങ്ങാത്ത പകയും.
സംഭവത്തിന് ശേഷം മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പ്രതികളെയും ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചത്. എന്നാല്‍ ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നും ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചാണ് കോടതി അന്ന് അദ്ദേഹത്തെ വെറുതെ വിട്ടത്.