തിരുവനന്തപുരം: ബാങ്കിങ് കമ്പനികളുടെ മാതൃകയിൽ സഹകരണബാങ്കുകളുടെ ഓഹരി വിൽക്കാമെന്ന വ്യവസ്ഥവരുന്നു. ഓഹരി എടുക്കുന്നവർ സഹകരണബാങ്കുകളിൽ അംഗങ്ങളാകണമെന്നില്ല. ഓഹരിയുടമകൾ അംഗങ്ങളാകുകയും അവർ വോട്ടുചെയ്ത് ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇത് നിരാകരിച്ചാണ് റിസർവ് ബാങ്ക് പുതിയ കരട് വിജ്ഞാപനം ഇറക്കിയത്. അർബൻ ബാങ്കുകളിലെ കാര്യമാണ് പറയുന്നതെങ്കിലും, അന്തിമ വിജ്ഞാപനം വരുന്നതോടെ ഇത് കേരളബാങ്കിനും ബാധകമാകും.
ബാങ്കിങ് നിയന്ത്രണ നിയമഭേദഗതി അനുസരിച്ചാണ് റിസർവ് ബാങ്കിന്റെ നടപടി. റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയോടെയാണ് ഓഹരി വിൽപ്പന നടത്തേണ്ടതെന്നും പറയുന്നു. ഓഹരി പിൻവലിക്കുന്നതും വിലക്കി. 9 ശതമാനം മൂലധനപര്യാപ്തത ഇല്ലാത്ത സഹകരണബാങ്കുകളിലെ ഓഹരി പിൻവലിക്കാനാകില്ല.
സംസ്ഥാനത്തെ ഭൂരിപക്ഷം അർബൻ ബാങ്കുകൾക്കും കേരളബാങ്കിനും നിലവിൽ 9 ശതമാനം മൂലധനപര്യാപ്തതയില്ല. സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകൾക്ക് കോടികളുടെ ഓഹരികളാണ് കേരളബാങ്കിലുള്ളത്. അന്തിമവിജ്ഞാപനം ഇറങ്ങുന്നതോടെ ഇത് പിൻവലിക്കുന്നതിന് കഴിയില്ല.
ഓഹരിവിൽപ്പനയുടെ രീതികൾ.
നിശ്ചിത ശതമാനം ലാഭവിഹിതം നൽകാമെന്ന ഉറപ്പിൽ ഓഹരി വിൽക്കാം. ഇതനുസരിച്ച് ലാഭമുണ്ടെങ്കിൽ മാത്രമായിരിക്കും ആ വർഷം വിഹിതം കിട്ടുക.
നിശ്ചിത ശതമാനം ലാഭവിഹിതം നിർബന്ധമായും നൽകുമെന്ന ഉറപ്പിൽ വിൽക്കാം. ആവർഷം ലാഭമില്ലെങ്കിൽ തുടർവർഷം ലാഭമുണ്ടാകുമ്പോൾ കുടിശ്ശികസഹിതം നൽകണം.
നിശ്ചിത ശതമാനം ലാഭവിഹിതം നൽകാമെന്ന് ഉറപ്പിൽ നിശ്ചിതകാലത്തേക്കുമാത്രം ഓഹരി വിൽക്കാം. കാലാവധി കഴിയുമ്പോൾ ഓഹരി പിൻവലിക്കാനും കഴിയും.
ഓരോവർഷം ലാഭം വിഭജിക്കുമ്പോൾ, ഇത്തരത്തിൽ പ്രത്യേകം സ്കീമിലൂടെ ഓഹരി വാങ്ങിയവർക്കായിരിക്കും ആദ്യപരിഗണന. ബാക്കിയുള്ള തുകമാത്രമായിരിക്കും വോട്ടവകാശമുള്ള സ്ഥിരംഅംഗങ്ങൾക്ക് നൽകുക.
സർക്കാർനിലപാട് പ്രധാനം
പൊതുജനങ്ങളിൽനിന്നടക്കം അഭിപ്രായം തേടിക്കൊണ്ടാണ് കരട് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. കേരളത്തിലെ സഹകരണമേഖലയുടെ ഘടനയെത്തന്നെ മാറ്റുന്ന പരിഷ്കരണത്തോട് സംസ്ഥാനത്തിന് കടുത്ത എതിർപ്പാണ്. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരം ഇപ്പോഴുണ്ട്. സർക്കാർ ഇക്കാര്യത്തിൽ എന്തുനടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
Mediawings: