മക്കയിലേക്കുള്ള പാതയല്ല ആടുജീവിതം, ബന്യാമിനെ ആക്രമിക്കുന്നതിനുപിന്നില്‍ മറ്റുചിലത്- എംഎന്‍ കാരശ്ശേരി

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്. എഴുത്തുകാരനും രാഷ്ട്രീയ വിചക്ഷണനും യാത്രികനുമായിരുന്ന മുഹമ്മദ് അസദിന്റെ ‘റോഡ് ടു മക്ക’ എന്ന പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങൾ ബെന്യാമിന്റെ ആടുജീവിതത്തിൽ പകർത്തിയിട്ടുണ്ട് എന്നാണ് ഉയരുന്ന പ്രധാന ആരോപണം.

അറേബ്യൻ മരുഭൂമിയിലൂടെ നടത്തിയ യാത്രയാണ് അസദിന്റെ ആത്മകഥാപരമായ യാത്രാവിവരണത്തിന്റെ പ്രമേയം. ഇരു കൃതികളിലും മരുഭൂമിയിലെ അനുഭവങ്ങളുടെ വിവരണങ്ങൾ ധാരാളമായുണ്ട്. എന്നാൽ മോഷണാരോപണം ഉന്നയിക്കാൻ തക്കവിധത്തിലുള്ള സമാനത ഇവതമ്മിലുണ്ടോ? മരുഭൂമി എന്ന മഹാപ്രതിഭാസം മനുഷ്യനിലുണ്ടാക്കുന്ന പ്രതികരണത്തിന്റെ സ്വാഭാവിക സമാനതകൾ മാത്രമാണോ ഈ കൃതികൾക്കു തമ്മിലുള്ളത്?

മലയാളത്തിലെ പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ എം. എൻ. കാരശ്ശേരിയാണ് റോഡ് ടു മക്ക എന്ന കൃതി ‘മക്കയിലേക്കുള്ള പാത’ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ആടുജീവിതത്തെയും മക്കയിലേക്കുള്ള പാതയെയും ബന്ധപ്പെടുത്തി ഇപ്പോഴുയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് എം.എൻ. കാരശ്ശേരി.

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന കൃതിയേക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുകയാണല്ലോ. മുഹമ്മദ് അസദിന്റെ ‘റോഡ് ടു മക്ക’ എന്ന കൃതിയുടെ അനുകരണമാണ് എന്നാണ് ആരോപണം. റോഡ് ടു മക്കയുടെ വിവർത്തകനായ താങ്കൾക്ക് എന്താണ് ഈ വിവാദങ്ങളെക്കുറിച്ച് തോന്നുന്നത്?

ബെന്യാമിൻ മക്കയിലേക്കുള്ള പാത വായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. വായിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഓർമയിൽ എവിടെയെങ്കിലും കിടന്ന രണ്ടോ മൂന്നോ വാചകം, രണ്ടോ മൂന്നോ ഇമേജ് അദ്ദേഹത്തിന്റെ എഴുത്തിൽ വന്നു എന്നത് ഒരു കുറ്റമായോ ദോഷമായോ ആരോപിക്കുന്നത് ശരിയല്ല. ആടുജീവിതം എഴുതുന്നതിന് മുൻപുതന്നെ ബെന്യാമിനെ എനിക്ക് ബഹ്റിനിൽവെച്ച് പരിചയമുണ്ട്. ആടുജീവിതം ഒരു നല്ല നോവലാണ്. അടുത്ത കാലത്ത് മലയാളത്തിൽ ഉണ്ടായ നല്ല നോവലാണത്. ഞാനത് ശ്രദ്ധിച്ച് വായിച്ചിട്ടുണ്ട്.
മരുഭൂമിയിലെ ഒരു അസ്തമയത്തേപ്പറ്റിയോ മരുപ്പച്ചയുടെ കുളിർമയേപ്പറ്റിയോ പൊടിക്കാറ്റിനേപ്പറ്റിയോ അസദിനും ബെന്യാമിനും അനുഭവമുണ്ടാകും. മരുഭൂമി ബെന്യാമിനും കണ്ടിട്ടുണ്ട്. മുഹമ്മദ് അസദ് മാത്രമല്ലല്ലോ മരുഭൂമി കണ്ടിട്ടുള്ളത്. രണ്ടെഴുത്തുകാരുടെ വാക്യങ്ങൾ തമ്മിലോ അലങ്കാരങ്ങൾ തമ്മിലോ സാമ്യംവരുക എന്നത് സാധാരണമായ കാര്യമാണ്. ബെന്യാമിൻ മക്കയിലേക്കുള്ള പാത വായിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം അറിഞ്ഞോ അറിയാതെയോ സമാനതയുള്ള രണ്ടോ മൂന്നോ വർണനകൾ വന്നിരിക്കാം. ആ വർണനകൾഅല്ലല്ലോ ആ നോവൽ. അതിൽ മലയാളിയുടെ പ്രവാസജീവിതമുണ്ട്.

ബെന്യാമിൻ, ആടുജീവിതത്തിന്റെ കവർ

മുൻപ് ഈ വിവാദം വന്നപ്പോഴൊക്കെ മിണ്ടാതിരുന്ന ഒരാളാണ് ഞാൻ. സോഷ്യൽ മീഡിയയിൽ ആടുജീവിതത്തെപ്പറ്റി ആദ്യമുണ്ടായ വിവാദം, നോവലിലെ കഥാപാത്രമായ നജീബിന് ബന്യാമിൻ പണമൊന്നും കൊടുത്തില്ല എന്നായിരുന്നു. ഒരു നോവലിലെ കഥാപാത്രത്തിന് പൂർവരൂപമായ ഒരു വ്യക്തിയുണ്ടാകാം. കഥാപാത്രങ്ങൾക്ക് റോയൽറ്റി നൽകാൻ തുടങ്ങിയാൽ ബഷീറിന്റെ കൈയ്യിൽ എന്തെങ്കിലും ബാക്കിയുണ്ടാകുമായിരുന്നോ? ബഷീറും എംടി വാസുദേവൻ നായരുമൊക്കെ യഥാർഥത്തിൽ ഉണ്ടായിരുന്ന വ്യക്തികളെക്കുറിച്ചാണ് കൂടുതലും എഴുതിയിട്ടുള്ളത്. നജീബിന് ബന്യാമിനെക്കുറിച്ച് പരാതിയൊന്നും ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. സാഹിത്യനിരൂപണം എന്താണെന്ന് അറിവില്ലാത്ത ആൾക്കാൾ നടത്തുന്ന ഏർപ്പാടാണ് ഇത്തരം വിവാദങ്ങളൊക്കെ. ഒന്നുകിൽ അസൂയകൊണ്ട്, അല്ലെങ്കിൽ അറിവില്ലായ്മകൊണ്ട് ചെയ്യുന്നതാണ്.

ആടുജീവിതം പ്രസിദ്ധീകരിച്ചിട്ട് 13 വർഷം കഴിഞ്ഞു. ഇപ്പോൾ ഇങ്ങനെയൊരു വിവാദം ഉയർന്നുവരുന്നതിനേപ്പറ്റി എന്തുതോന്നുന്നു?

ആടുജീവിതവുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോൾ പലരും എന്നെ വിളിച്ച് ചോദിച്ചു. ചർച്ചയാക്കേണ്ടതായി ഇതിൽ ഒന്നും ഇല്ല, ഞാനതിലേക്കില്ല എന്നായിരുന്നു അപ്പോഴൊക്കെ ഞാൻ പറഞ്ഞത്. മക്കയിലേക്കുള്ള പാതയുടെ സ്വാധീനമുണ്ടെന്ന് പല കൃതികളേക്കുറിച്ചും പലരും പറയാറുണ്ട്. അത് സ്വാഭാവികമാണ്. കാരണം അതൊരു നല്ല പുസ്തകമാണ്. ഗൾഫിലൊക്കെയുള്ള പല എഴുത്തുകാരുടെയും ആത്മകഥയിലോ യാത്രാവിവരണത്തിലോ ഒക്കെ ഈ പുസ്തകത്തിലുള്ള ചിലതൊക്കെ വന്നിട്ടുണ്ടാകും. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കന്യാവനങ്ങൾ എന്ന പുസ്തകത്തിൽ മക്കയിലേക്കുള്ള പാതയിൽനിന്ന് ഒരു ഭാഗം എടുത്ത് ചേർത്തിട്ട് മുഖവുരയിൽ അക്കാര്യം പറയുകയാണ് അദ്ദേഹം ചെയ്തത്. ഇതൊക്കെ സ്വാഭാവികമായ കാര്യമാണ്. ഇക്കാര്യത്തിൽ ബെന്യാമിനിൽ കുറ്റം കണ്ടെത്താൻ ഒന്നുമില്ല.
ഇപ്പോഴെന്താ സംഭവിച്ചതെന്നുവെച്ചാൽ, തിരഞ്ഞെടുപ്പിൽ തൃത്താലയിൽ എംബി രാജേഷിനുവേണ്ടി ബെന്യാമിൻ പ്രചാരവേല ചെയ്തു. വി.ടി. ബൽറാമും എംബി രാജേഷും എന്റെ സുഹൃത്തുക്കളാണ്. എംബി രാജേഷിനെയാണോ വിടി ബൽറാമിനെയാണോ പിന്തുണയ്ക്കേണ്ടത് എന്നത് ബെന്യാമിന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. രാജേഷിനെ പിന്തുണച്ചു എന്നതിന്റെ പേരിലാണ് ബൽറാം തോറ്റപ്പോൾ ഇതൊരു വിഷയമായി പൊന്തിവന്നതെന്നാണ് ഞാൻ വിചാരിക്കുന്നത്.

spot_img

Related Articles

Latest news