കണ്ണൂർ:ഷിഗല്ലെയെ സൂക്ഷിക്കാൻ ജില്ലയിൽ ജാഗ്രതാനിർദേശം. തലശ്ശേരി, പയ്യന്നൂർ ഭാഗങ്ങളിലെ കടകളിലും കിണറിലും കുഴൽ കിണറിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന കൂടുതൽ ശക്തമാക്കി. തലശ്ശേരിലും പയ്യന്നൂരും വീണ്ടും 31 ജല സാമ്പിളുകൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിച്ചു. ഇത് കോഴിക്കോട് റീജണൽ ലാബിലേക്ക് അയച്ചു. ആരോഗ്യ വിഭാഗം ജല അതോറിറ്റിയുടെ ലാബിലേക്ക് സാമ്പിൾ അയച്ചു.
തലശ്ശേരി, ധർമടം മേഖലകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച 20 കുടിവെള്ള സാമ്പിളുകളിൽ നാലെണ്ണത്തിൽ ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയപ്പോഴാണ് ജില്ല ഞെട്ടിയത്. രണ്ട് കൂൾബാറുകളിലും ഒരു ഹോട്ടലിലും ഒരു തട്ടുകടയിലും ഉപയോഗിച്ച വെള്ളത്തിലാണ് ഷിഗെല്ല തെളിഞ്ഞത്. ഇവിടങ്ങളിൽ വെള്ളം കൊണ്ടുവരുന്ന കിണറിലും ബാക്ടീരിയയുടെ അംശം കണ്ടെത്തി. ഈ കിണർ അടച്ചു. ഈ ഭാഗങ്ങളിൽ വീണ്ടും 13 സാമ്പിളുകൾ പരിശോധനക്ക് അയച്ചു.
ഷിഗെല്ല കണ്ടെത്തിയ സാഹചര്യത്തിൽ കൂൾബാറുകളിലും ഹോട്ടലുകളിലും കിണറിലെ വെള്ളം ഉപയോഗിക്കുന്നത് അധികൃതർ വിലക്കി. തത്കാലം 20 ലിറ്റർ കുപ്പിവെള്ളം ഉപയോഗിക്കാനാണ് നിർദേശം. ചില ഹോട്ടലുകളിൽ ചൂടുവെള്ളത്തിൽ പച്ചവെള്ളം ലയിപ്പിച്ച് കൊടുക്കുന്നത് പരിശോധനയിൽ കണ്ടെത്തി. ഇത് കർശനമായി വിലക്കി. ആഹാരം കഴിച്ച് വായ കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിലും സുരക്ഷ ഒരുക്കാൻ അറിയിപ്പ് നൽകി. ജില്ലയിൽ കൂടുതൽ ഷിഗെല്ല രോഗബാധ കണ്ടെത്തിയിട്ടില്ലാത്തത് ആശ്വാസമാണ്. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറുവയസ്സുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു.
Media wings: