കൊച്ചി: വിവാദമായ കോടഞ്ചേരി വിവാഹത്തിലെ വധു ജോയ്സനയെ ഹൈക്കോടതി ഭര്‍ത്താവ് ഷെജിനൊപ്പം വിട്ടു. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പ്പര്യമില്ലന്ന് ജോയ്സന കോടതിയെ അറിയിച്ചു.
പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെയാണ് യുവതി കോടതിയില്‍ ഹാജരായത്. ജസ്റ്റിസുമാരായ വി.ജി.അരുണും സി.എസ്.സുധയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.
പെണ്‍കുട്ടി ആവശ്യത്തിന് ലോക പരിചയമുള്ള ആളാണ്. 26 വയസ്സുണ്ട്. വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം എന്ത് ചെയ്യണമെന്ന് അവര്‍ തീരുമാനിക്കുമെന്നും കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞ് പിതാവിനെ പോയി കാണാം എന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ ഉള്ള പക്വത ആയി. സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിക്ക് അച്ഛനുമായി ഇപ്പോള്‍ സംസാരിക്കണ്ട എന്നാണ് പറഞ്ഞത്. ഇപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ പോകുന്നു എന്നാണ് പറഞ്ഞത്. കോടതിക്ക് ഇടപെടുന്നതില്‍ പരിമിതി ഉണ്ടന്നും ബഞ്ച് വ്യക്തമാക്കി. ഹര്‍ജി കോടതി തീര്‍പ്പാക്കി.
നേരത്തെ, താമരശ്ശേരി കോടതിയില്‍ ഷിജിനൊപ്പം ഹാജരായ ജോയ്‍സ്ന താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ജോയ്‍സ്നയുടെ അച്ഛന്‍ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.