മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്.ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മതപരമായും ഭാഷാപരമായും സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതും നിലവിലുളള ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതും പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതുമായ ഒരു പ്രവര്‍ത്തനത്തിലും പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടരുത്.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും കുറിച്ച് വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് നയങ്ങള്‍, നടപടികള്‍, മുന്‍കാല പ്രവര്‍ത്തനങ്ങള്‍, നിലവിലുള്ള പ്രവൃത്തികള്‍ എന്നിവയില്‍ ഒതുക്കി നിര്‍ത്തേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ പ്രവര്‍ത്തകരുടേയോ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല. രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പേരില്‍ വ്യക്തികളുടെ വീടിന് മുന്‍പില്‍ പ്രകടനം നടത്തുക, പിക്കറ്റ് ചെയ്യുക എന്നിവ അനുവദനീയമല്ല. ശാന്തവും സമാധാനപരവുമായ കുടുംബജീവിതത്തിനുള്ള ഓരോ വ്യക്തിയുടെയും അവകാശം പൂര്‍ണമായും സംരക്ഷിക്കേണ്ടതാണ്.
അനുവാദമില്ലാതെ മറ്റൊരാളുടെ ഭൂമിയോ കെട്ടിടമോ ചുറ്റുമതിലോ പ്രചാരണ പ്രവര്‍ത്തനങ്ങളായി ഉപയോഗിക്കാന്‍ പാടില്ല. മറ്റു പാര്‍ട്ടിക്കാരുടെ പരിപാടികളില്‍ കുഴപ്പമുണ്ടാക്കുന്നതും അവിടെ ചെന്ന് തങ്ങളുടെ ലഘുലേഖകളോ മറ്റോ വിതരണം ചെയ്യുന്നതും കുറ്റകരമാണ്. ഒരു പാര്‍ട്ടിയുടെ പോസ്റ്ററുകളും ബാനറുകളും മറ്റും മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യാന്‍ പാടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈതാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ അനുവദിക്കുമ്പോള്‍ നിഷ്പക്ഷമായി എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒരുപോലെ ലഭ്യമാക്കണം. ഔദ്യോഗിക ജോലികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുകയോ വോട്ടര്‍മാര്‍ക്ക് പണവും മറ്റ് പ്രലോഭനങ്ങളും നല്‍കുകയോ ചെയ്യരുത്. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന ഔദ്യോഗികമല്ലാത്ത ഐഡന്റിറ്റി സ്ലിപ്പുകളില്‍ ചിഹ്നം, പാര്‍ട്ടിയുടെ പേര്, സ്ഥാനാര്‍ഥിയുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളതല്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്‍, റിട്ടേണിംഗ് ഓഫീസര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതൊരു വിഷയത്തിലും പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ തുടങ്ങിയവ കൃത്യമായും പാലിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ സി വിജില്‍ വഴിയോ നിരീക്ഷകര്‍, റിട്ടേണിംഗ് ഓഫീസര്‍, സെക്ടര്‍ മജിസ്ട്രേറ്റ്, ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവരെ നേരിട്ടോ അറിയിക്കാം.