മുക്കത്ത് കസ്റ്റഡിയിലെടുത്ത ജെ.സി.ബി സ്റ്റേഷനിൽ നിന്ന് കടത്തിയ കേസിൽ പുതിയ വഴിത്തിരിവ്; എസ് ഐ നൗഷാദ് അറസ്റ്റിൽ

മുക്കം: ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ജെ.സി.ബി സ്‌റ്റേഷന്‍ പരിസരത്തു നിന്ന് കടത്തിയ സംഭവത്തില്‍ എസ്.ഐ ക്കെതിരെ നടപടി. കേസില്‍ വീഴ്ച വരുത്തിയതിന് സസ്‌പെന്‍ഷനിലായിരുന്ന മുക്കം പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ടി.ടി നൗഷാദിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡി.വൈ.എസ്.പി പി പ്രമോദാണ് അറസ്റ്റ് ചെയ്തത്.

നൗഷാദിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് അന്വേഷണം നടത്തി വരുന്നതിനിടെ കൃത്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ജില്ല സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷനില്‍ നിന്ന് ജെ.സി.ബി കടത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെയും കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കേസിലെ പ്രതികളായ ആറു പേര്‍ മുക്കം സ്റ്റേഷനില്‍ കീഴടങ്ങിയപ്പോള്‍ പ്രധാന പ്രതി ബഷീര്‍ ഒളിവില്‍ പോവുകയും പിന്നീട് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 19 ന് കൊടിയത്തൂര്‍ പുതിയനിടത്ത് അപകടത്തില്‍ ഒരാളുടെ മരണത്തിനിടയാക്കിയ ജെ.സി.ബിയാണ് ഉടമയുടെ മകനും സംഘവും ചേര്‍ന്ന് കടത്തിക്കൊണ്ട് പോയത്. അപകടം നടക്കുമ്പോള്‍ ജെ.സി.ബിക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. ജെ.സി.ബി ഉടമയുടെ മകനും കൂമ്പാറ സ്വദേശിയുമായ മാര്‍ട്ടിന്‍ മാതാളിക്കുന്നേല്‍ (32), കെ.ആര്‍.ജയേഷ് കീഴ്പ്പള്ളി (32), പൊന്നാങ്കയം സ്വദേശി ദിലീപ് കുമാര്‍ (49), തമിഴ്‌നാട് സ്വദേശി വേളാങ്കണ്ണി രാജ (55), കല്ലുരുട്ടി സ്വദേശി തറമുട്ടത്ത് രജീഷ് മാത്യു (39), മോഹന്‍രാജ് (40) എന്നിവര്‍ കീഴടങ്ങുകയും അവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

spot_img

Related Articles

Latest news