സ്മൃതി തൻ ചിറകിലേറി… ഭാവഗായകന് വിട; പി. ജയചന്ദ്രന്‍ അന്തരിച്ചു

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു.തൃശൂർ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈകുന്നേരം 7 മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തില്‍ അധികമായി അമല ആശുപത്രിയില്‍ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം.

‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഒറ്റഗാനത്തിലൂടെ തമിഴ്‌നാട്ടിലും ലക്ഷക്കണക്കിന് ആരാധകരെ അദ്ദേഹം സ്വന്തമാക്കി. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്‍ത്തി ലംഘിച്ച്‌ ആരാധകരെ സൃഷ്ടിച്ചു. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം ആറ് തവണയും ദേശീയ അവാര്‍ഡ് ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ഗാനത്തിന് 1994 ലെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.2021-ല്‍ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

1944 മാര്‍ച്ച്‌ മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി 1966 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഉദ്യോഗസ്ഥയിലെ അനുരാഗ ഗാനം പോലെ, സി.ഐ.ഡി നസീറിലെ നിന്‍ മണിയറയിലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതന്‍ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികന്‍ ഞാന്‍, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികള്‍ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു.

spot_img

Related Articles

Latest news