ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) അന്തരിച്ചു. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകൾ ഈണമിട്ടതും പാടിയതും പീർ മുഹമ്മദാണ്.

1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് പീർ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബൽക്കീസായിരുന്നു മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസ്സുള്ളപ്പോൾ പിതാവുമൊത്ത് അദ്ദേഹം തലശ്ശേരിയിലെത്തി.

തായത്തങ്ങാടി താലിമുൽ അവാം മദ്രസ യു.പി സ്‌കൂൾ, തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, മുബാറക് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി പഠനം. പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും ബിരുദം. സംഗീതം അതിനിടയിൽ എപ്പൊഴോ അറിയാതെ ആത്മാവിന്റെ ആവേശമായി മാറിക്കഴിഞ്ഞിരുന്നു.

നാല്-അഞ്ച് ക്ലാസുകളിൽ പഠിക്കുമ്പോൾ കവിതകൾ ചൊല്ലിക്കൊണ്ടാണ് തുടക്കം എന്ന് പീർ മുഹമ്മദ് ഓർക്കാറുണ്ട്. വയലാർ രാമവർമയുടെ കവിതകളോടായിരുന്നു ഏറെ കമ്പം.

ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദർഭോചിതമായി മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങളും സഹപാഠികളുടെയും അധ്യാപകരുടെയും ഇടയിൽ പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി.

എന്നാൽ പറയത്തക്ക ഒരു സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല പീർ മുഹമ്മദിന്റേത്. അദ്ദേഹത്തിന്റെ പിതാവ് നല്ലൊരു സംഗീതാസ്വാദകനായിരുന്നു.

spot_img

Related Articles

Latest news