പൂനെ – കോവിഡ് മരണങ്ങള്‍ തടയുന്നതില്‍ ഒരു ഡോസ് പ്രതിരോധ വാക്സിന്‍ ഫലപ്രദമാണെന്ന് പഠനം. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മരണം തടയുന്നതില്‍ 82 ശതമാനം പ്രതിരോധശേഷിയുണ്ടാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എപ്പിഡെമോളജിയുടെ (ഐസിഎംആര്‍-എന്‍ഐഇ) പഠനത്തില്‍ പറയുന്നു. രണ്ട് ഡോസ് സ്വീകരിച്ചാല്‍ മരണം തടയുന്നതിലുള്ള പ്രതിരോധ ശേഷ 95 ശതമാനമായി ഉയരും.
മരണം തടയുന്നതില്‍ വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠനം തമിഴ്‌നാട്ടിലെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കിടയിലാണ് നടത്തിയത്. ഇക്കാര്യം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചു. തമിഴ്നാട് പോലീസുകാര്‍ക്കിടയില്‍ നടത്തിയ വാക്സിന്‍ സ്വീകരിച്ചവരുടെ കണക്കും പഠനത്തിനായി ഉപയോഗിച്ചു.
ഒരു ഡോസ്, രണ്ട് ഡോസ്, വാക്സിന്‍ സ്വീകരിക്കാത്തവര്‍ തുടങ്ങിയവരില്‍ രണ്ടാമത്തെ തരംഗത്തില്‍ ഉണ്ടായ കോവിഡ് മരണങ്ങള്‍ കണക്കിലെടുത്തു. ആശുപത്രികളില്‍ പ്രവേശിപ്പിച്ചതും വാക്സിന്‍ സ്വീകരിച്ചതുമായ തീയതികളും ശേഖരിച്ചിരുന്നു.
വാക്സിന്‍ സ്വീകരിച്ചതും അല്ലാത്തതുമായ ആളുകളിലെ കോവിഡ് മരണങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനായാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഐസിഎംആര്‍-എന്‍ഐഇ ഡയറക്ടര്‍ മനോജ് മുരേക്കര്‍ പറഞ്ഞു.
1,17,524 പൊലീസുകാരാണ് തമിഴ്നാട്ടില്‍ ജോലി ചെയ്യുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ മേയ് 14 വരെ 32,792 പേര്‍ ഒരു ഡോസ് വാക്സിനും, 67,673 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 17,059 പേരാണ് ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവർ.
31 മരണമാണ് ഇവര്‍ക്കിടയില്‍ ഏപ്രില്‍ 13 മുതല്‍ മേയ് 14 വരെയുള്ള തീയതികളില്‍ സംഭവിച്ചത്. ഇതില്‍ നാല് പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. ഏഴ് പേര്‍ ഒരു ഡോസും. വാക്സിന്‍ സ്വീകരിക്കാത്ത 20 പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്.
ആയിരം പോലീസുകാര്‍ക്കിടയില്‍ വാക്സിന്‍ സ്വീകരിക്കാത്തവരുടെ നിരക്ക് 1.17 ആണ്. ഒരു ഡോസ് സ്വീകരിച്ച 0.21 ശതമാനം ആളുകളും, രണ്ട് ഡോസും എടുത്ത 0.06 ശതമാനം ആളുകളും മരിച്ചു.
കടുത്ത രോഗങ്ങള്‍ ഉള്ളവരിലും കോവിഡ് പ്രതിരോധ വാക്സിന് ഫലപ്രാപ്തിയുള്ളതായി ഡോ. മുരേക്കര്‍ വ്യക്തമാക്കി.