ഇടുക്കി: ഇടുക്കി ആനച്ചാലില്‍ കുടുംബവഴക്കില്‍ ആറു വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും മാതാവിനും മുത്തശ്ശിയ്ക്കും മര്‍ദനമേറ്റു.
മാതാവ് സഫിയ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ സഹോദരിയുടെ ഭർത്താവ് ഷാജഹാനാണ് അക്രമം നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.
കുടുംബവഴക്കിനെ തുടര്‍ന്ന് ഷാജഹാന്റെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. തന്നേയും ഭാര്യയേയും അകറ്റിയതിന് പിന്നില്‍ ഭാര്യാമാതാവും സഹോദരിയുമാണെന്ന ചിന്തയിലാണ് ഭാര്യവീട്ടുകാരെ കൂട്ടക്കൊല ചെയ്യാന്‍ ഷാജഹാന്‍ ഒരുങ്ങിയതെന്നാണ് സൂചന.
ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലയ്ക്കടിച്ചു.
കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്