ഉത്തര്‍ പ്രദേശില്‍ ഇന്ന് ആറാംഘട്ട വോട്ടെടുപ്പ്

ഉത്തര്‍ പ്രദേശില്‍ ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ് നടക്കും. 2.14 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 10 ജില്ലകളിലായി 57 മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 676 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി വിട്ട മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, യോഗി ആദിത്യ നാഥിനെതിരെ മത്സരിക്കുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, പിസിസി പ്രസിഡന്റ് അജയ്കുമാര്‍ ലല്ലു എന്നീ പ്രമുഖരുടെ മത്സരം കൊണ്ട് ശ്രദ്ധേയമാണ് ആറാം ഘട്ട വോട്ടെടുപ്പ്.

18 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ഗുന്നൗറില്‍ മത്സരിച്ചതാണ് അവസാനത്തെ സംഭവം. അതിന് ശേഷം മുഖ്യമന്ത്രിമാരായവരെല്ലാം നിയമസഭാ കൗണ്‍സിലിലൂടെ ആ സ്ഥാനത്തെത്തിയവരാണ്.

2017 ല്‍ എന്‍ഡിഎക്ക് 49 സീറ്റ് കിട്ടിയ മേഖലയില്‍ ഇത്തവണ എസ്പിയും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. 2017 ല്‍ കൂറ്റന്‍ വിജയം നേടിയ മേഖലയില്‍ വിജയം ആവര്‍ത്തിക്കാന്‍ വലിയ പ്രചാരണമാണ് ബിജെപി നടത്തിയത്. പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ മോദിയുടെയും യോഗിയുടെയും മികവില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം.

എന്നാല്‍, സ്വാമി പ്രസാദ് മൗര്യ അടക്കമുള്ള പിന്നാക്ക വിഭാഗം നേതാക്കളെ അടര്‍ത്തിയെടുത്ത് നടത്തിയ നീക്കം ഇവിടെ ഗുണം ചെയ്യുമെന്ന് സമാജ്‌വാദി പാര്‍ട്ടിയും ഉറച്ച് വിശ്വസിക്കുന്നു.

spot_img

Related Articles

Latest news