തൃശൂര്‍ എരുമപ്പെട്ടിയില്‍ വാടകവീടിന്റെ തറയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.എട്ട് വർഷത്തോളം പഴക്കമുള്ള ഈ അവശിഷ്ടx വീട് പുതുക്കിപ്പണിയുന്നതിനിടയിലാണ് കണ്ടെത്തിയത്. കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
എരുമപ്പെട്ടിയിലെ വീട് പുതുക്കിപ്പണിയുന്നതിനായി തറ പൊളിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. പായയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം അതിനു മുകളില്‍ സിമന്റിട്ട് ഉറപ്പിച്ച നിലയിലായിരുന്നു അസ്ഥികൂടം. ഉടൻ തന്നെ ഉടമസ്ഥർ പോലീസിനെ വിവരമറിയിച്ചു.
അസ്ഥികൂടം ഏകദേശം 40 വയസുള്ള സ്ത്രീയുടേതാണെന്നാണ് ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തിയത്. അസ്ഥികൂടത്തിന് ഏകദേശം 8 വർഷത്തെ പഴക്കമാണുള്ളത്. തലയോട്ടിയില്‍ മാരകമായ അടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണകാരണം കൊലപാതകമാണെന്ന നിഗമനത്തെ ബലപ്പെടുത്തുന്നു.
അസ്ഥികൂടം കണ്ടെത്തിയ വീട്ടില്‍ കഴിഞ്ഞ ഏതാനും വർഷങ്ങള്‍ക്കിടയില്‍ ആറ് കുടുംബങ്ങളാണ് വാടകയ്ക്ക് താമസിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളും പ്രാദേശിക തൊഴിലാളികളും ഉള്‍പ്പെടെയുള്ളവർ ഈ വീട്ടില്‍ താമസിച്ചിട്ടുണ്ട്. മിക്കവരില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
മുൻപ് ഇവിടെ താമസിച്ചിരുന്ന കുന്നംകുളം സ്വദേശിയായ മരംവെട്ട് തൊഴിലാളിയെ പോലീസ് അന്വേഷിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചതായാണ് വിവരം. ഇദ്ദേഹം മൂന്ന് വിവാഹം കഴിച്ചിരുന്നു. കാണാതായ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ ഭാര്യമാരില്‍ ആരെങ്കിലും ആണോ കൊല്ലപ്പെട്ടതെന്ന സംശയത്തിലാണ് പോലീസ്.
പഴയകാലത്തെ തിരോധാന കേസുകള്‍ പോലീസ് വീണ്ടും പരിശോധിച്ചു വരികയാണ്. വർഷങ്ങള്‍ പഴക്കമുള്ള കേസായതിനാല്‍ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള അന്വേഷണം.

