തിരുവനന്തപുരം: മൂന്ന് കോവിഡ് രോഗികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ക്വാറന്റൈന് ലംഘിച്ചെത്തിയ മൂര്‍ഖന്‍ കുഞ്ഞിനെ വനംവകുപ്പ് പിടികൂടി. തിങ്കളാഴ്ച ശാസ്തമംഗലം പൈപ്പിന്മൂട്ടിലെ വീട്ടില്‍ നിന്നാണ് മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടിയത്. മൂന്നു കോവിഡ് രോഗികളല്ലാതെ മറ്റാരുമില്ലാത്ത വീടിന്റെ ബാത് റൂമിലാണ് പാമ്പിന് കുഞ്ഞിനെ കണ്ടത്.
വീട്ടുകാര്‍ ഉടന്‍ തന്നെ ശാസ്തമംഗലത്തെ ആര്. ആര്. ടി വോളന്റിയറും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ശ്രീക്കുട്ടനെ ബന്ധപ്പെട്ടു. അവര്‍ ഉടന്‍തന്നെ വി.കെ.പ്രശാന്ത് എം.എല്‍.എ യുടെ കോവിഡ് കണ്ട്രോള് റൂമില്‍ വിളിച്ച് വിവരം പറഞ്ഞു. കോവിഡ് കണ്ട്രോള് റൂമിലെ വോളന്റിയര്‍മാര്‍ സ്നേക്പീഡിയ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് വനംവകുപ്പിന്റെ ഔദ്യോഗിക പാമ്പുരക്ഷകരുടെ നമ്പറെടുത്ത് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
പാമ്പുരക്ഷകരെത്താന് കാത്തിരിക്കുമ്പോള്‍ തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞ് രോഗികളില്‍ ഒരാളുടെ ശാരീരികാവസ്ഥ മോശമാകുന്നുവെന്ന അറിയിപ്പുമെത്തി. ഒട്ടും വൈകാതെ കണ്ട്രോള് റൂമിലെ ഡോ. യാസീന്‍, സാങ്കേതിക സഹായി അഖില്‍ ഭുവനേന്ദ്രന്, വോളന്റിയറായ അരുണ്‍ പണ്ടാരി എന്നിവര്‍ കോവിഡ് രോഗികളുടെ വീട്ടിലേക്കു തിരിച്ചു.
അപ്പോഴേക്കും റസ്ക്യൂവറായ ബാവനും സ്ഥലത്തെത്തി. ഡോ. യാസീനും അഖിലും രോഗിയെ പരിശോധിച്ച് ആവശ്യമായ പരിചരണം നല്കുന്ന സമയത്ത് ബാവനും അരുണും ചേര്‍ന്ന് മൂന്നുമാസം പ്രായമുള്ള മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടുകയും ചെയ്തു.