ദുബൈ: ദുബൈ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പാമ്ബ്.
ഇതെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ നടപടിയെടുത്തിട്ടില്ല.
ശനിയാഴ്ച പുലര്‍ച്ച 2.20ന് ടെര്‍മിനല്‍ രണ്ടില്‍ നിന്ന് പുറപ്പെണ്ടേണ്ട വിമാനത്തിലാണ് പാമ്ബിനെ കണ്ടത്. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറാന്‍ ഒരുങ്ങുമ്ബോഴായിരുന്നു പാമ്ബിനെ കണ്ടത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കിയ ശേഷം ഹോട്ടലിലേക്ക് മാറ്റി. സന്ദര്‍ശക വിസക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.
എപ്പോള്‍ വിമാനം പുറപ്പെടുമെന്ന് വ്യക്തമായ വിവരം നല്കാത്തതിനാല് യാത്രക്കാര്‍ ദുരിതത്തിലാണ്. അടിയന്തരമായി നാട്ടില്‍ എത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. പാമ്ബിനെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതാണ് വിമാനം വൈകാന്‍ കാരണമെന്ന് പറയുന്നു. പാമ്ബ് എത്തിയത് എങ്ങിനെയാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല.