കൊച്ചി : ഒന്നാംക്ലാസുകാരന്റെ സ്കൂള്‍ ബാഗില്‍ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണിയിലാണ് സംഭവം.അത്താണി എളവക്കാട്ട് അബ്ദുള്‍ അസീസിന്റെ വീട്ടില്‍ നിന്നാണ് പാമ്ബിനെ പിടിച്ചത്. ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.
ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി വീട്ടിലെ ഹാളില്‍ മേശയ്ക്ക് താഴെ ബാഗ് വച്ചിരുന്നു, ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറി അടിച്ചുവാരുന്നതിനിടെ മേശയ്ക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിന് നല്ല ഭാരം തോന്നിയത്. തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. പിന്നാലെ വീട്ടുകാർ കുട്ടിയുടെ സ്കൂള്‍ ബാഗ് മുറ്റത്തേക്ക് എറിയുകയും ചാക്കുകളിട്ട് മൂടുകയും ചെയ്തു. ഉടൻ തന്നെ വനംവകുപ്പിന്റെ സർപ്പ റസ്ക്യു ടീമിലെ പാമ്ബ് പിടിത്ത വിദഗ്ദ്ധരെ വിവരം അറിയിച്ചു. എളമക്കര സ്വദേശി റിൻഷാദ് എത്തി മൂർഖൻ പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. ചൂടു കാലാവസ്ഥയില്‍ നിന്ന് രക്ഷ നേടി വീടിനകത്തെത്തിയ മൂർഖൻ സ്കൂള്‍ ബാഗില്‍ കയറിയതാകാം എന്നാണ് നിഗമനം.

