മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി 10,000 ലിറ്റർ സംഭരണി സ്ഥാപിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ക്രെയിൻ ഉപയോഗിച്ചു സംഭരണി സ്ഥാപിച്ചത്.
കഞ്ചിക്കോട് നിന്ന് പത്ത് ദിവസം മുമ്പ് സംഭരണി എത്തിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം വൈകുകയായിരുന്നു. ഇനോക്സ് എയർ പ്രൈവറ്റ് ലിമിറ്റഡിൻ്റെയും യുഎൽസിസിയുടെയും നേതൃത്വത്തിലുള്ള എൻജിനീയർമാരുടെ സഹായത്തോടെയാണ് സംഭരണി സ്ഥാപിച്ചത്. ഇതിനായി രണ്ട് ക്രെയിനുകൾ എത്തിച്ചിരുന്നു.
സംഭരണി സ്ഥാപിക്കുന്ന സ്ഥലവും വിതരണ കേന്ദ്രവും തമ്മിലുള്ള ഉയര വ്യത്യാസം കാരണമാണ് കാലതാമസം ഉണ്ടായത്. ഒടുവിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ആശുപത്രിയിലെത്തിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.
പാലക്കാട് ഇനോക്സ് എയർ പ്രൈവറ്റ് ലിമിറ്റഡ് ആണ് വിതരണം നടത്തുന്നത്. നിലവിൽ 4000 ലിറ്റർ സംഭരണ ശേഷിയാണ് ആശുപത്രിയിലുള്ളത്. രണ്ട് ദിവസം ഇടവിട്ട് ടാങ്കറിൽ ഓക്സിജൻ എത്തിച്ചാണ് സംഭരണി നിറക്കുന്നത്.
ആശുപത്രി പൂർണമായും കൊവിഡ് ചികിത്സക്കായി മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഓക്സിജൻ, വെൻ്റിലേറ്റർ ക്ഷാമം മൂലം കൂടുതൽ പേർക്ക് ചികിത്സ നൽകാൻ കഴിയാത്ത സ്ഥിതിയാണ്.