കൊച്ചി: സംസ്ഥാനത്തെ വാഹനങ്ങളുടെ ശബ്ദമലിനീകരണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികളെടുക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി.വാഹനങ്ങളുടെ ശബ്ദ മലിനീകരണത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പിനു നടപടികള്‍ തുടരാമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പൊതുനിരത്തുകളില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം തടയാന്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി ചിന്നന് ടി. പൈനാടത്ത് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സമീപത്തു പോലും അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കുന്നതു പതിവായെന്നും ഇവ തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടപ്രകാരം എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്ജിക്കാരന് ആരോപിച്ചു. എന്നാല്‍ വാഹനങ്ങളുടെ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് 2019 മാര്‍ച്ച് ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍14,809 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും ഈ ഇനത്തില്‍ 61.52 ലക്ഷം രൂപ പിഴയീടാക്കിയെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.