നേപ്പാളില്‍ നടന്ന സൗത്ത് ഏഷ്യന്‍ വുഷു ചാംപ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി തൃശൂര്‍ നാട്ടിക സ്വദേശി അനിയന്‍ മിഥുന്‍. മാര്‍ച്ച് അവസാന വാരം നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന മത്സരത്തില്‍ 70 കി ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയതോടെ സൗത്ത് ഇന്ത്യയില്‍ നിന്ന് ഈ നേട്ടം ലഭിച്ച ആദ്യ വ്യക്തിയായി അനിയന്‍ മിഥുന്‍ മാറി. 28 കാരനായ ഇദ്ദേഹം ഇന്ത്യന്‍ ടീമിലെ ഏക ദക്ഷിണേന്ത്യക്കാരനാണ്.
കുംഫു സ്പോര്‍ട്സ് വിഭാഗത്തില്‍ പെടുന്ന വുഷു ഏറെ അപകടം നിറഞ്ഞ മത്സരങ്ങളില്‍ ഒന്നാണ്. പഞ്ച്, ക്വിക്സ്, ത്രോസ് എന്നിവ കോര്‍ത്തിണക്കിയ ചൈനീസ് മത്സരയിനമാണിത്. പ്രാഥമിക റൗണ്ട് മത്സരത്തില്‍ എതിരാളി പാകിസ്ഥാനായിരുന്നു. സെമി ഫൈനലില്‍ ബംഗ്ലാദേശിനെയും മലര്‍ത്തിയടിച്ചു. ഏറെ സമ്മര്‍ദം നേരിട്ടത് കലാശ പോരാട്ടത്തിലായിരുന്നു. മത്സരത്തില്‍ ആതിഥേയ രാജ്യമായ നേപ്പാളുമായുള്ള പോരാട്ടത്തില്‍ സ്വര്‍ണം നേടി.
ഇന്ത്യന്‍ വുഷു ടീം കോച്ചും അര്‍ജുന അവാര്‍ഡ് ജേതാവുമായ കുല്‍ദീപ് ഹാന്‍ഡൂവിന്റെ ശിക്ഷണത്തിലാണ് അനിയന്‍ ചരിത്രം രചിച്ചത്. ജമ്മു കശ്മീരിലെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ എം എ സ്റ്റേഡിയത്തിലാണ് വര്‍ഷങ്ങളായുള്ള പരിശീലനം.
പത്താം വയസ്സില്‍ മാര്‍ഷല്‍ ആര്‍ട്സ് പരിശീലനം നാട്ടികയിലെ ഭാരതീയ വിദ്യാമന്ദിരത്തില്‍ നിന്ന് ആരംഭിച്ചു. ബോക്സിങ്ങില്‍ താല്‍പര്യം കാണിച്ച അനിയനെ തൃശൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലനം നല്‍കി. ക്വിക് ബോക്സിങ്ങില്‍ ജിതിന്‍ പരിശീലനം നല്‍കി. തൃശൂരിലെ അനീഷും തിരുവനന്തപുരത്തെ ജോഷിയും ചേര്‍ന്നാണ് വുഷു ആയോധനകലയിലെ കഴിവുകള്‍ കണ്ടെത്തി.
ബെല്‍റ്റ്, ക്വിക് ബോക്സിങ് ദേശീയ ചാംപ്യന്‍ എന്നിവ അനിയന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. മലയാള പ്രമുഖ നടീ നടന്മാരുടെ പേര്‍സണല്‍ ഫിറ്റ്നസ് ട്രെയ്നറായും പ്രവര്‍ത്തിച്ചിരുന്നു. അടുത്തുള്ള അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങുന്നത്തിനായി ഉടന്‍ കശ്മീര്‍ ക്യാംപിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് അനിയന്‍.