മോസ്കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു. സെൻട്രൽ ക്ലിനിക്കിൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഏറെനാളുകളായി രോഗ ബാധിതനായിരുന്നു ഗോർബച്ചേവ്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മുൻ സോവിയറ്റ് നേതാവിന്റെ മരണത്തിൽ ലോക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
സോവിയറ്റ് ചരിത്രത്തിൽ നായകന്റെയും വില്ലന്റെയും പരിവേഷമുള്ള നേതാവാണ് മിഖായേൽ ഗോർബച്ചേവ്. യുഎസ്എസ്ആറിന്റെ പ്രസിഡന്റായി പ്രവർത്തിച്ച ഇദ്ദേഹം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് കാരണമായെന്ന വിമർശനത്തിനും വിധേയനായി.
ചരിത്രത്തിൽ ഇടംപിടിച്ച പെരിസ്ട്രോയിക്ക, ഗ്ലാസ്നോറ്റ് സിദ്ധാന്തങ്ങൾ അവതരിപ്പിച്ച ആളാണ് ഗോർബച്ചേവ്. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യ വല്ക്കരിക്കാനും സാമ്പത്തിക ഘടനയെ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിന്റെ പരിശ്രമങ്ങളാണ് 1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക രാഷ്ട്രീയത്തിന്റെ ഭാഗധേയം നിർണയിച്ച വ്യക്തികളിലൊരാളായും ഗോർബച്ചേവ് ചരിത്രത്തിൽ അടയാളപ്പെട്ടു. ശീതയുദ്ധം അവസാനിപ്പിച്ച ലോകനേതാവാണ് ഇദ്ദേഹം. 1990 ൽ സമാധാനത്തിന് ഉളള നൊബേൽ സമ്മാനം നേടി. കഴിഞ്ഞ ഏറെ നാളുകളായി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന് സാമൂഹിക ഇടപെടലുകളുമായി കഴിയുകയായിരുന്നു.
നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയിൽ 1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. 1985 -1991 കാലയളവിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവവര്‍ത്തിച്ച ഇദ്ദേഹം 1990-91 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് കൂടിയായിരുന്നു.