റീ സര്‍വ്വെ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംഘങ്ങള്‍

ലാന്‍ഡ് ട്രിബ്യൂണലിലും ലാന്‍ഡ് ബോര്‍ഡിലും കെട്ടിക്കിടക്കുന്ന പട്ടയ കേസുകള്‍ തീര്‍പ്പാക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതിനായി ടീമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. ഇങ്ങനെ ഈ പട്ടയ പ്രശ്നം കുറഞ്ഞ കാലം കൊണ്ട് തീര്‍ക്കാന്‍ പറ്റണം. കണ്ണൂര്‍ ജില്ലയില്‍ 10022 ലാന്‍ഡ് ട്രിബ്യുണല്‍ പട്ടയ അപേക്ഷയും 3292 ദേവസ്വം പട്ടയ അപേക്ഷയും കെട്ടിക്കിടക്കുന്നുണ്ട്. ഇത് സമയ ബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിയണം. കണ്ണൂര്‍ കലക്ടറേറ്റില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുയായിരുന്നു മന്ത്രി.

കേരളത്തില്‍ നിരവധി രീതിയിലുള്ള പട്ടയങ്ങള്‍ ഉണ്ട്. അതിനര്‍ത്ഥം അത്രയും രീതിയില്‍ അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കാന്‍ കഴിയുമെന്നാണ്. ഭൂമിയില്‍ അവകാശം കിട്ടുക എന്നത് എല്ലാ കാലത്തും ജനങ്ങളുടെ ജീവല്‍ പ്രശ്നമാണ്. അതിനെ ആ രീതിയില്‍ കണ്ട് അനുഭാവപൂര്‍വം പരിഹരിക്കാന്‍ നമുക്ക് കഴിയണം. ഒരു മേഖലയിലെ ആളുകള്‍ക്ക് ഒന്നിച്ചു ഒരു ഉത്തരവ് പ്രകാരം പട്ടയം നല്‍കാന്‍ കഴിയുമോ എന്നതാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. അര്‍ഹരായ പരമാവധി ആളുകള്‍ക്ക് പട്ടയം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

 

റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ തലം ഉണ്ടാക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി കൂട്ടായ പരിശ്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. വിഷന്‍ ആന്റ് മിഷന്‍ 2026 എന്ന പേരില്‍ സമയബന്ധിതമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ഇതിന്റെ ഭാഗമായി റവന്യൂ, ലാന്റ് ബോര്‍ഡ്, സര്‍വ്വെ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിന് സംസ്ഥാനത്ത് ആദ്യമായി റവന്യൂ സെക്രട്ടറിയറ്റ് കഴിഞ്ഞയാഴ്ച നിലവില്‍ വന്നു. വകുപ്പ് മന്ത്രി അധ്യക്ഷനായ ഈ സെക്രട്ടറിയറ്റ് ഈ വകുപ്പുകളുടെ പ്രവര്‍ത്തനം എല്ലാ ആഴ്ചയിലും അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും.

 

ദീര്‍ഘകാലമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത റീസര്‍വ്വെ നിശ്ചിത കാലയളവില്‍ പൂര്‍ത്തിയാക്കുന്നതിനുളള സമഗ്രമായ പ്രവര്‍ത്തനം വകുപ്പ്് ആസൂത്രണം ചെയ്ത് വരികയാണ്. ഇതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. പ്രത്യേക സംഘങ്ങളെയും വിന്യസിക്കും. സമ്പൂര്‍ണമായി റീസര്‍വ്വെ പൂറത്തിയാക്കിയ സംസ്ഥാനമായി കേരളത്തെ മാറ്റും. അതുവഴി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഇതും. സംസ്ഥാനമാകെ ഏകീകൃത തണ്ടപ്പേര്‍ ഉണ്ടാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. റവന്യു, സര്‍വ്വെ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സംവിധാനം ഏകോപിതമായി ഉപയോഗിക്കുന്നത് ഭൂമി സംബന്ധമായ ഒട്ടനവധി ക്രമക്കേടുകള്‍ പരിഹരിക്കാന്‍ സഹായകമാകും. റീസര്‍വ്വെ പൂര്‍ത്തിയാകുന്നതോടെ ഈ സംവിധാനവും സംസ്ഥാനമാകെ നടപ്പിലാക്കാനാകും.

അനധികൃതമായി കയ്യേറിയ ഭൂമി സര്‍ക്കാരിന്റേത് ആക്കുക എന്നതും അതീവ പ്രധാനമാണ്. നിയമപ്രകാരമുള്ള നടപടികളിലൂടെ അത്തരം ഭൂമി എല്ലാം സര്‍ക്കാരിന്റെ അധീനതിയില്‍ ആക്കാനുളള നടപടികള്‍ വിട്ടുവീഴ്ചയില്ലാതെ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ദൈനംദിനം ബന്ധപ്പെടുന്ന ഓഫീസാണ് വില്ലേജ് ഓഫീസ്. അതിനാല്‍ തന്നെ വില്ലേജ് ഓഫീസുകളുടെ ഭൗതിക സൗകര്യവും സേവനങ്ങളും സ്മാര്‍ട്ട് ആകണമെന്നും മന്ത്രി പറഞ്ഞു.

 

യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം കെ കെ ദിവാകരന്‍, സബ് കലക്ടര്‍ അനുകുമാരി, തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്സി, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Mediawings:

spot_img

Related Articles

Latest news