ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമിനെ ആധുനിക ക്ഷേത്രര നഗരിയാക്കാന് അഞ്ച് പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ സിഎസ്‌ആര്‍ ഫണ്ടില്‍നിന്ന് 100 കോടി ചെലവഴിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. രാജ്യം മഹാമാരി നേരിടുമ്പോൾ ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുപകരം സാമൂഹ്യക്ഷേമത്തിനായി വന്‍കിട സ്ഥാപനങ്ങള്‍ ചെലവിടേണ്ട തുക ആത്മീയ നഗരം കെട്ടിപ്പടുക്കാന്‍ വഴി തിരിച്ചു വിടുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒഎന്‍ജിസിയും ബിപിസിഎല്ലും ഗെയിലും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയവും പണം ചെലവഴിക്കുമെന്ന് കഴിഞ്ഞദിവസം പെട്രോളിയംമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് പ്രഖ്യാപിച്ചത്. ഇതു കൂടാതെ കേദാര്‍നാഥ്, ഉത്തര്‍കാശി, യമുനോത്രി, ഗംഗോത്രി എന്നിവയുടെ വികസനത്തിനും കമ്പനികൾ പണം ചെലവിടണമെന്നും നിര്‍ദേശിക്കുന്നു.
ഈ നിക്ഷേപം രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് മന്ത്രിയുടെ നിരീക്ഷണം. ഒഎന്‍ജിസി, ഗെയില്‍, ഐഒസില്‍ എന്നീ കമ്പനികൾ 25 കോടി വീതവും ഹിന്ദുസ്ഥാന്‍ പെട്രോളിയം 20 കോടിയും ബിപിസില്‍ അഞ്ചരക്കോടിയുമാണ് നീക്കി വയ്ക്കാന്‍ നിര്‍ബന്ധിതരായത്.
രാജ്യത്തിന്റെ ദരിദ്ര മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കപ്പെടേണ്ട പണമാണ് ഇത്തരത്തില്‍ വഴി തിരിച്ചു വിടുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം ശ്വാസം മുട്ടുമ്പോൾ കേന്ദ്രം മുന്‍ഗണന നല്‍കേണ്ടത് ആശുപത്രികള്‍ക്കാണോ ക്ഷേത്ര നഗരങ്ങള്‍ക്കാണോ എന്ന ചോദ്യവും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുയരുന്നു.
പൊതു മേഖല എണ്ണക്കമ്പനികളിലൂടെ കേന്ദ്രം പിഴിയുന്ന പണം സംഘ പരിവാറിന്റെ അജന്‍ഡകള്‍ നടപ്പാക്കാനായി വിനിയോഗിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്ത് എണ്ണ വില വര്‍ധനയുടെ ആത്യന്തിക ഗുണഭോക്താവ് ആരാണെന്ന ചോദ്യവും ഇതോടെ ഉയരുന്നു.
പി എം കെയര്‍ ഫണ്ടിലേക്ക് കഴിഞ്ഞ വര്‍ഷം എണ്ണക്കമ്പനികൾ 870 കോടി നല്‍കി. എന്നാല്‍, ഈ ഫണ്ടില്‍ നിന്ന് വാക്സിനു വേണ്ടി പണം ചെലവാക്കാന്‍ കേന്ദ്രം തയ്യാറല്ല. സംസ്ഥാനങ്ങള്‍ പണംകൊടുത്ത് നേരിട്ട് കമ്പനികളിൽ നിന്ന് വാങ്ങണം.