ജമ്മുകശ്മീരിൽ സുന്ദർഭനി സെക്റ്ററിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച കൊയിലാണ്ടി പൂക്കാട് സ്വദേശിയായ സൈനികൻ ശ്രീജിത്തിന്റെ വിയോഗം നാടിന്റെ നൊമ്പരമായി. ഇക്കഴിഞ്ഞ മാർച്ച് ആദ്യവാരം ശ്രീജിത്ത് നാട്ടിൽ വന്നിരുന്നു. തുടർന്ന് വീണ്ടും ജമ്മുവിലേക്ക് പോകുകയായിരുന്നു.
വ്യാഴാഴ്ച ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് മലയാളി നായിബ് സുബേദാർ എം. ശ്രീജിത്ത്, സൈനികൻ ജസ്വന്ത് റെഡ്ഡി എന്നിവർ വീരമൃത്യു വരിച്ചത്. രൂക്ഷമായ ഏറ്റുമുട്ടലിലാണ് രണ്ട് സൈനികരും കൊല്ലപ്പെട്ടത്. പാകിസ്താനിൽനിന്നുള്ള ഭീകര പ്രവർത്തകരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് വിവരം.
മുമ്പ് പാർലമെന്റ് ഭീകരാക്രമണ സമയത്ത് ശ്രീജിത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു. ഭീകരവാദികളെ മികച്ചരീതിയിൽ ചെറുത്തതിന് ശ്രീജിത്തിന് രാഷ്ട്രപതിയിൽനിന്ന് പുരസ്കാരം ലഭിച്ചിരുന്നു. ന്യൂഡൽഹിയിൽ കുടുംബത്തോടൊപ്പമെത്തിയാണ് ശ്രീജിത്ത് അന്ന് പുരസ്കാരം സ്വീകരിച്ചത്. 23 സേനാമെഡലുകളും ശ്രീജിത്തിന് ലഭിച്ചിട്ടുണ്ട്. ചെറുപ്പത്തിൽത്തന്നെ സൈനികനായി ജോലിയിൽ പ്രവേശിച്ച ശ്രീജിത്ത് കൊച്ചി മേഖലയിലും ജോലി ചെയ്തിട്ടുണ്ട്.
ശ്രീജിത്തിന്റെ മൃതദേഹം എപ്പോൾ നാട്ടിലെത്തിക്കുമെന്ന് വ്യക്തമായിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.