തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിരീക്ഷകനായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് കമ്മീഷന് തിരികെ വിളിച്ചു. മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയാണെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണ ചുമതല നല്‍കിയിരുന്നത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും ബന്ധുക്കള്‍ മത്സര രംഗത്തുള്ളവരുമായ ഉദ്യോഗസ്ഥരെ ഇത്തരം ചുമതലകളിലേക്ക് നിയോഗിക്കാന്‍ പാടില്ലെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചട്ടം ലംഘിച്ചായിരുന്നു നിയമനം. ഇതിനെതിരെ സിറാജ് മാനേജ്മെന്റ് ആണ് പരാതി നല്‍കിയത്.
വ്യാജരേഖക്കേസില്‍ ഉള്‍പ്പെട്ട ആസിഫ് കെ. യൂസഫിനെയും കമ്മീഷന് തിരികെ വിളിച്ചു. ഇരുവര്‍ക്കും പകരമായി ജാഫര്‍ മാലിക്കിനെയും ഷര്‍മിള മേരി ജോസഫിനെയും നിയമിച്ചു.