നീറ്റ് പരീക്ഷയ്ക്കെതിരെ പിന്തുണ ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളമുള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നതു പോലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം പുനസ്ഥാപിക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്നാണ് കത്തിലെ ആവശ്യം.
ആന്ധ്രാ പ്രദേശ്, ചത്തീസ്ഗഢ്, ഡല്‍ഹി, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് സ്റ്റാലിന്‍ കത്തയച്ചു. നീറ്റ് യോഗ്യത ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നല്‍കുന്ന ബില്ല് സ്റ്റാലിൻ അധികാരമേറ്റ ശേഷം തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയിരുന്നു.
നീറ്റിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ജസ്റ്റിസ് രാജന്‍ സമിതി റിപ്പോര്‍ട്ടും കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയ്ക്കു വേണ്ടിയുള്ള പരീശീലന ക്ലാസുകളുടെ ചെലവ് , സിലബസിലെ വ്യത്യാസവുമെല്ലാം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയാക്കുന്നുണ്ടെന്ന് ജസ്റ്റിസ് രാജന്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സർക്കാർ ബില്‍ അവതരിപ്പിച്ചത്.