കോഴിക്കോട്: 61- മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണ പുതുമകൾ ഏറെയാണ്. പാഠ പുസ്തകങ്ങളിൽ നിന്നെല്ലാം പഠിച്ചവർ അത് നേരിട്ട് അനുഭവിച്ചറിയണം. സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിൽ ഇത്തവണ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ കാണില്ല. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിക്കുന്ന കലോത്സവ വേദികളിൽ ഇത്തവണ മൺകുടങ്ങളിലും മൺ ജഗ്ഗുകളിലും കുടിവെള്ളം ലഭിക്കും. കുടിവെള്ളത്തിനായി മൺ ഗ്ലാസുകളും കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ വെൽഫെയർ കമ്മിറ്റി ഒരുക്കുന്നുണ്ട്.
ഒന്നര ലക്ഷം പ്ലാസ്റ്റിക് കുപ്പികളാണ് കഴിഞ്ഞ കലോത്സവ നഗരിയിൽ കുടിവെള്ളത്തിനായി ഉപയോഗിച്ചത്. കലോത്സവം കഴിഞ്ഞതോടെ പ്ലാസ്റ്റിക് കുപ്പികളുടെ സംസ്കരണമടക്കം വലിയ പ്രതിസന്ധിയായി. ഇതടക്കം മുൻനിർത്തിയാണ് പരിസ്ഥിതിസൗഹൃദ രീതി അവലംബിച്ചത്.
ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കലോത്സവത്തിന്റെ വെൽഫെയർ കമ്മിറ്റി പാലക്കാട്ടുനിന്ന് 200 മൺപാത്രങ്ങളും മൺകുടങ്ങളും 5000 മൺ ഗ്ലാസുകളും കോഴിക്കോട്ടെത്തിച്ചു. കലോത്സവത്തിന്റെ 24 വേദികളിലും കുടിവെള്ളം വിതരണംചെയ്യുക മൺകൂജകളിൽ മാത്രമാണ്. വിധികർത്താക്കൾക്ക് ഇരിപ്പിടങ്ങളിൽ മൺ ജഗ്ഗുകളും ഒരുക്കും.
ഇതിനായി, പാലക്കാടുള്ള നിർമാണ കേന്ദ്രത്തിലെത്തി ഗുണനിലവാരമുള്ള ഉൽപന്നങ്ങൾക്കായി പ്രത്യേക ഓർഡറുണ്ടാക്കി കലോത്സവത്തിനായി എത്തിച്ചു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ നാൽപതോളം കേന്ദ്രങ്ങളിൽനിന്നാണ് മൺപാത്രങ്ങളെത്തിച്ചത്.
മൂന്നു ലക്ഷത്തിലേറെയാണ് മൺപാത്രങ്ങൾക്കും മറ്റുമായി ചെലവ്. ഒഡീസിയ ആണ് തുക സ്പോൺസർ ചെയ്തത്. ബൊട്ടാണിക്കൽ ഗാർഡനിലെ യൂനിറ്റിൽനിന്നാണ് ആവശ്യാനുസരണം കുടിവെള്ളമെത്തിക്കുക. ഓരോ ദിവസവും 20 ലിറ്ററിന്റെ ആയിരം ബോട്ടിൽ വെള്ളമാണ് എത്തിക്കുക.
‘തണ്ണീർ കൂജ’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട്ടെത്തിച്ച മൺ കൂജകളും ജഗ്ഗുകളും കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ കെ.പി.സുരേഷ്, റഫീഖ് മായനാട്, സി.എം.ലത്തീഫ്, മുജീബ് കൈപ്പാക്കിൽ, അബൂബക്കർ മായനാട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.