പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഇന്ന് അവസാനിക്കും. അവസാന ദിവസമായ ഇന്ന് 24 ഫൈനലുകളാണുള്ളത്. 4x 400 മീറ്റര്‍ റിലേ,200 മീറ്റര്‍ ഓട്ടം,ട്രിപ്പിള്‍ ജംപ് തുടങ്ങിയവയുടെ ഫൈനലുകളാണ് ഇന്ന് നടക്കുന്നത്.
വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
74 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 സ്വര്‍ണവുമായി 206 പോയിന്റോടെ ഒന്നാമതുള്ള പാലക്കാട്, വെല്ലുവിളികളില്ലാതെ ചാമ്പ്യന്‍പട്ടം നേടുമെന്നാണ് പ്രതീക്ഷ. ഇന്നലെ രണ്ടാം സ്ഥാനത്തേക്കെത്തിയ മലപ്പുറം 10 സ്വര്‍ണവുമായി 110 പോയിന്റോടെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ആദ്യ രണ്ട് ദിനങ്ങളില്‍ രണ്ടാമതായിരുന്ന എറണാകുളം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറത്തിന്റെ ഐഡിയല്‍ ഇ.എച്ച്.എസ്.എസ് 53 പോയിന്റോടെ ഒന്നാമതാണ്. രാവിലെ ആറരയ്ക്ക് ക്രോസ് കണ്‍ട്രി ഓട്ടത്തോടെയാണ് ഇന്നത്തെ മല്‍സരങ്ങള്‍ തുടങ്ങിയത്. ഇന്നലെയും ട്രാക്ക് ഇനങ്ങളില്‍ റെക്കോര്‍ഡുകള്‍ ഒന്നും പിറന്നില്ല. ഇതുവരെ ആറ് മീറ്റ് റെക്കോഡുകളുണ്ടായതില്‍ അഞ്ചും ത്രോ ഇനങ്ങളിലായിരുന്നു. സ്പ്രിന്റ് ഇനങ്ങളിലടക്കം പുതിയ റെക്കോര്‍ഡുകള്‍ പ്രതീക്ഷിച്ചവര്‍ക്ക് ഇന്നലെയും നിരാശയായിരുന്നു ഫലം. ട്രാക് ഇനങ്ങളില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയവരില്‍ പലര്‍ക്കും മികച്ച വ്യക്തിഗത പ്രകടനംപോലും പുറത്തെടുക്കാനായില്ല എന്നതാണ് യാഥാര്‍ഥ്യം. രണ്ട് വര്‍ഷം കായികോത്സവം ഇല്ലാതിരുന്നതും കോവിഡ് മൂലം പരിശീലനം മുടങ്ങിയതും തിരിച്ചടിയായി. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളും തിരിച്ചടിയായി.
അതേസമയം, ഫീല്‍ഡ് ഇനങ്ങളില്‍ ആശ്വസിക്കാന്‍ വകയുണ്ട്. കാസര്‍കോടിന്റെ നാല് താരങ്ങള്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ അഖിലയും ജൂനിയര്‍ ഷോട്ട്പുട്ടില്‍ അനുപ്രിയയും സബ്ജൂനിയര്‍ വിഭാഗത്തില്‍ പാര്‍വണ ജിതേഷും മീറ്റ് റെക്കോര്‍ഡ് തിരുത്തി. ആണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയില്‍ കെ സി സെര്‍വനും റെക്കോര്‍ഡ് പ്രകടനം പുറത്തെടുത്തു. സീനിയര്‍ ഗേള്‍സ് വിഭാഗം ജാവലിനില്‍ മലപ്പുറത്തിന്റെ ഐശ്വര്യ സുരേഷിന്റെതാണ് ത്രോ ഇനങ്ങളില്‍ ഇന്നലെ പിറന്ന റെക്കോര്‍ഡ്. പോള്‍വോള്‍ട്ടില്‍ എറണാകുളത്തിന്റെ ശിവദേവ് രാജീവും മീറ്റ് റെക്കോര്‍ഡ് നേടി.