വിദ്യാർഥികളിൽ സ്റ്റാറ്റിസ്റ്റിക്സ് അവബോധം സൃഷ്ടിച്ച് സംഖ്യകളിലും സംഖ്യാന്യായവാദത്തിലും താത്‌പര്യമുള്ളവരെ സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലേക്ക് കൊണ്ടുവരാനും സ്റ്റാറ്റിസ്റ്റിക്സിൽ അഭിരുചിയുള്ളവരെ കണ്ടെത്താനും നടത്തുന്ന സ്റ്റാറ്റിസ്റ്റിക്സ് ഒളിമ്പ്യാഡ് 2023-ന് അപേക്ഷിക്കാം.
സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനും ദേശീയവികസനത്തിന് സ്റ്റാറ്റിസ്റ്റീഷ്യന്മാരെ രൂപപ്പെടുത്താനും ഒളിമ്പ്യാഡ് ലക്ഷ്യമിടുന്നു. മാത്തമാറ്റിക്സിൽ മികവുതെളിയിച്ച സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായാണ് ഒളിമ്പ്യാഡ് ഒരുക്കിയിരിക്കുന്നത്. ജൂൺ 29-ന് ആചരിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ദിനത്തോടനുബന്ധിച്ച് ഹൈദരാബാദിലെ സി.ആർ. റാവു അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസാണ് (എ.ഐ.എം.എസ്.സി.എസ്.) മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കാൻ ഏതെങ്കിലും സിലബസ് പ്രകാരമുള്ള വിജ്ഞാനം വിദ്യാർഥിക്ക് വേണമെന്നില്ല. ഉൾക്കാഴ്ച, യുക്തിയുക്തമായ ചിന്തനം, നിരൂപണപരമായ സമീപനം, പ്രശ്നപരിഹാരത്തിന് അറിവ് പ്രായോഗികതലത്തിൽ ഉപയോഗിക്കാനുള്ള പ്രാപ്തി, പൊതുവായ ഗണിത/സാംഖിക ധാരണ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. എഴുത്തുപരീക്ഷയായിട്ടാണ് മത്സരം. ജനുവരി 29-ന് രാവിലെ 10 മുതൽ ഒന്നുവരെ മത്സരം. തിരുവനന്തപുരം, മംഗളൂരു, ബെംഗളൂരു പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷിക്കുമ്പോൾ മുൻഗണന നിശ്ചയിച്ച് രണ്ടുകേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.
2022-’23 അധ്യയനവർഷം 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്ക് ജൂനിയർ വിഭാഗത്തിലും 11, 12, ബിരുദതലത്തിൽ ആദ്യവർഷം എന്നിവയിൽ പഠിക്കുന്നവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. തൊട്ടുതലേ അധ്യയനവർഷം (2021-’22), ബോർഡ്/സ്കൂൾ തല പരീക്ഷയിൽ മാത്തമാറ്റിക്സിന് കുറഞ്ഞത് ബി 1 ഗ്രേഡ്/ 65 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.
അപേക്ഷ ജനുവരി അഞ്ചിനകം crraoaimscs.res.in വഴി നൽകണം. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് 15,000 രൂപ, 10,000 രൂപ, 7000 രൂപ വീതമുള്ള മൂന്നുസമ്മാനങ്ങൾ നൽകും. കൂടാതെ 15 റാങ്ക് സർട്ടിഫിക്കറ്റുകളും നൽകും.