ചെങ്ങറ വ്യൂ പോയിന്റിലെ അരയന്നം കാണികളെ ആകര്‍ഷിക്കുന്നു

കോന്നി: അട്ടച്ചാക്കല്‍-കുമ്ബളാംപൊയ്‌ക റോഡരികില്‍ ചെങ്ങറ വ്യൂ പോയിന്റിലെ അരയന്നശില്‌പ്പം കാണികളെ ആകര്‍ഷിക്കുന്നു.

ചെങ്ങറ ചങ്ക്‌ ബ്രദേഴ്‌സ്‌ വാട്ട്‌സ്‌ ആപ്പ്‌ ഗ്രുപ്പിലെ യുവാക്കളുടെ നേതൃത്വത്തിലാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയയത്‌. പാറയ്‌ക്കല്‍ മധുവാണ്‌ ശില്‍പ്പ നിര്‍മാണത്തിന്‌ നേതൃത്വം നല്‍കിയത്‌. സിമെന്റ മുളയും ചാക്കും ഉപയോഗിച്ചാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌.
ചെമ്മാനി എസ്‌റ്റേറ്റിലെ മലനിരകളുടെയും കൈതച്ചക്കതോട്ടത്തിന്റെയും കാഴച്ചകള്‍ക്കൊപ്പം പുതിയ ശില്‍പ്പവും സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്‌. രാവിലെ മഞ്ഞിന്റെ വലിയ സാന്നിധ്യമുള്ള പ്രദേശമാണിത്‌. റോഡരികിലെ വ്യൂ പോയിന്റില്‍ ഇവര്‍ കുടിലുകളും, ഐ ലൗവ്‌ ചെങ്ങറ എന്ന ബോര്‍ഡും സ്‌ഥാപിച്ചിട്ടുണ്ട്‌.
കഴിഞ്ഞ ക്രിസ്‌മസ്‌ ന്യൂ ഇയര്‍ സമയത്ത്‌ കാളവണ്ടിയുടെയും ചുണ്ടന്‍ വള്ളത്തിന്റെയും മോഡലുകളും നിര്‍മിച്ചിരുന്നു. ഊട്ടിയെയും മൂന്നാറിനേയും അനുസ്‌മരിപ്പിക്കുന്നതാണ്‌ ഇവിടുത്തെ മലനിരകളുടെ കാഴ്‌ച്ചകള്‍. കുടിലുകള്‍ക്കുള്ളില്‍ റാന്തല്‍ വിളക്കുകളുമുണ്ട്‌. കാടുപിടിച്ചും മാലിന്യം നിറഞ്ഞും കിടന്ന പ്രദേശമാണ്‌ ഇത്തരത്തില്‍ യുവാക്കള്‍ മാറ്റിയെടുത്തത്‌. പ്രകൃതിദത്ത വസ്‌തുക്കളായ മുളയോല, കണയുടെ ഓല, പുല്ല്‌ എന്നിവയുപയോഗിച്ചാണ്‌ പലതിന്റെയും നിര്‍മ്മാണം. രാവിലെയും വൈകിട്ടും ഇവിടെ ധാരാളമായി സഞ്ചാരികള്‍ എത്തുന്നു. ഇവിടെ നിന്ന്‌ ഫോട്ടോയും വീഡിയോയും എടുത്ത്‌ സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഷെയര്‍ ചെയ്യുന്നു. ശുദ്ധവായു കിട്ടുന്ന സ്‌ഥലം കൂടിയാണിത്‌.
അട്ടച്ചാക്കല്‍-കുമ്ബളാംപൊയ്‌ക റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട്‌ വിശ്രമിക്കുന്നതും പതിവാണ്‌. ഇവിടെ എപ്പോഴും മയിലുകളെ കാണാം. മലമടക്കുകളിലെ ചെറുതോടുകള്‍ അച്ചന്‍ കോവിലാറിന്റെ കൈവഴികളാണ്‌. മലമുകളിലെ പാറകളില്‍ ധാരാളം ഔഷധസസ്യങ്ങളും വളരുന്നു. യുട്യൂബ്‌ ചാനലുകള്‍ ചെയ്യുന്നവരുടെയും, വിവാഹ ആല്‍ബങ്ങള്‍ ചിത്രികരിക്കുന്നവരുടെയും ഇഷ്‌ട ലൊക്കേഷന്‍ ആവുകയാണ്‌ ചെങ്ങറ വ്യൂപോയിന്റും റോഡരികിലെ അരയന്നശില്‌പവും. പണികള്‍ പൂര്‍ത്തിയാക്കിയ ശില്‌പം കഴിഞ്ഞ ദിവസം കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി സജി അനാവരണം ചെയ്‌തു.

spot_img

Related Articles

Latest news