വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്.
ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയത്. ചർച്ച കൂടാതെത്തന്നെ കാർഷികനിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുന്നുവെന്നും ആരും എതിര്‍ക്കുന്നില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.
ഒരു വർഷത്തിലധികം നീണ്ട ഐതിഹാസിക സമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കേന്ദ്ര സർക്കാർ കീഴടങ്ങുകയായിരുന്നു. 2020 സെപ്റ്റംബറിലാണ് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്.